(കോഴിക്കോട്): ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. നോർത്ത് സോൺ ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
സംഭവം ഇങ്ങനെ:
കണ്ടന്റ് ക്രിയേറ്ററായ യുവതി ബസ്സിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ പ്രചരിച്ചതോടെ യുവാവ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആരോപണങ്ങൾ:
സോഷ്യൽ മീഡിയയിൽ റീച്ച് ലഭിക്കാൻ വേണ്ടി യുവതി നടത്തിയ കണ്ടന്റ് ക്രിയേഷൻ ആണോ ഇതെന്ന സംശയം സുഹൃത്തുക്കളും പരാതിക്കാരും ഉന്നയിക്കുന്നുണ്ട്. അഡ്വ. വി ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് കമ്മീഷന്റെ നടപടി. ഫെബ്രുവരി 19-ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
റിപ്പോർട്ട്: അബ്ദുറഹീം പൂക്കത്ത്/ കരുമ്പിൽ ലൈവ് ന്യൂസ് ഡസ്ക്