പരപ്പനങ്ങാടി-കടലുണ്ടി റോഡ്: പൊടിശല്യത്തിൽ ശ്വാസംമുട്ടി യാത്രക്കാർ; പ്രതിഷേധം ശക്തം


പരപ്പനങ്ങാടി-കടലുണ്ടി റോഡ് ടാറിങ് ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മണ്ഡലം ഭാരവാഹികൾ പി.ഡബ്ല്യു.ഡി അസിസ്റ്റൻ്റ് എൻജിനീയർക്ക് നിവേദനം നൽകുന്നു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി-കടലുണ്ടി റോഡിൻ്റെ നവീകരണ പ്രവൃത്തികൾ അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ടാറിംഗ് നടപടികൾ പൂർത്തിയാക്കാത്തതാണ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്.

​നിർമ്മാണം പാതിവഴിയിലായതോടെ പ്രദേശത്ത് പൊടിശല്യം അതീവ രൂക്ഷമായിരിക്കുകയാണ്. കൊടപ്പാളി പ്രദേശത്തെ ജനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. റോഡിലെ മെറ്റലുകൾ ഇളകിമാറി കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കനത്ത പൊടിപടലങ്ങൾ സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

​പൊടി ശ്വസിച്ച് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കൂടാതെ, ഇരുചക്രവാഹന യാത്രക്കാർക്ക് പൊടി മൂലം കാഴ്ച തടസ്സപ്പെടുന്നത് നിത്യേനയെന്നോണം അപകടങ്ങൾക്കും വഴിവെക്കുന്നുണ്ട്.

​ഈ സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (AAP) തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളും സാമൂഹ്യപ്രവർത്തകരും രംഗത്തെത്തി. മണ്ഡലം സെക്രട്ടറി അബ്ദുറഹിം പൂക്കത്ത്, അസീസ് കടലുണ്ടി, സുബൈർ പി.പി, സാമൂഹ്യ പ്രവർത്തകൻ നസറുദ്ദീൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി അസിസ്റ്റൻ്റ് എൻജിനീയർക്ക് നിവേദനം നൽകി. ടാറിങ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

​പ്രാദേശിക വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കും Karumbil Live സന്ദർശിക്കുക.

Previous Post Next Post
WhatsApp