പുതിയ റേഷൻ കാർഡ്: ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാം; അർഹരായ എല്ലാവർക്കും കാർഡ് ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷൻ കാർഡുകൾക്കായി ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അർഹരായ ഒരാൾ പോലും റേഷൻ കാർഡില്ലാതെ പുറത്തുനിൽക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നേട്ടങ്ങൾ ഇങ്ങനെ:
ഈ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 മഞ്ഞ (എ.എ.വൈ) കാർഡുകളും വിതരണം ചെയ്തു. ആകെ 6.38 ലക്ഷം മുൻഗണനാ കാർഡുകളാണ് അർഹരായ കുടുംബങ്ങൾക്ക് നൽകിയത്. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ ഏൽപ്പിച്ചതായും മന്ത്രി അറിയിച്ചു.
ഓൺലൈൻ വഴി ലഭിച്ച 1.05 കോടി അപേക്ഷകളിൽ 99.71 ശതമാനവും (1.04 കോടി) തീർപ്പാക്കാൻ പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ട്. 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളിൽ നടക്കും. അർഹതയുണ്ടായിട്ടും അപേക്ഷിക്കാൻ കഴിയാത്തവരെ കണ്ടെത്തി കാർഡ് എത്തിക്കാൻ ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരും മുൻകൈ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.