'പള്ളികളുണ്ടെന്ന് കരുതി അനുമതി നിഷേധിക്കാമോ?'; നിലമ്പൂർ പള്ളി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷമായ ചോദ്യം
ന്യൂഡൽഹി: നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി. ഒരു പ്രദേശത്ത് നൂറ് പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെയാണ് അനുമതി നിഷേധിക്കാൻ സാധിക്കുകയെന്ന് ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി 'നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം' നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായത്.
സംഭവം ഇങ്ങനെ:
കെട്ടിടം സ്ഥിതി ചെയ്യുന്നതിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ നേരത്തെ പള്ളിക്ക് അനുമതി നിഷേധിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ നിലപാട് കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
മതപരമായ അവകാശങ്ങൾ എണ്ണത്തിന്റെ പേരിൽ നിഷേധിക്കുന്നത് ശരിയാണോ എന്ന ചോദ്യമുയർത്തിയ കോടതി, ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. നിലവിലുള്ള ആരാധനാലയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ അനുമതികൾ നിഷേധിക്കുന്ന ഭരണകൂട നടപടികളിൽ സുപ്രീം കോടതിയുടെ ഈ ചോദ്യം നിർണ്ണായകമാകും.
News Desk | Karumbil Live