പള്ളികൾ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ



തിരൂരങ്ങാടി: മസ്ജിദുകൾ വെറും പ്രാർത്ഥനാ കേന്ദ്രങ്ങൾ മാത്രമമല്ലെന്നും, അവ അതാത് പ്രദേശങ്ങളിലെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളായി മാറണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നവീകരിച്ച കൊടിഞ്ഞി ചെറുപ്പാറ മുഹിയുദ്ദീൻ മസ്ജിദിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മഹല്ലുകളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ നിരീക്ഷിക്കാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ ക്രിയാത്മകമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും പള്ളികൾക്ക് സാധിക്കണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.

​ഇതര സമുദായങ്ങളിൽ ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്. റമദാൻ മാസത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളിലും മറ്റും അവരെക്കൂടി ചേർത്തുപിടിക്കാൻ നാം തയ്യാറാകണം. റമദാൻ മുന്നിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ, കാരുണ്യ പ്രവർത്തനങ്ങൾ ജാതിമത ഭേദമന്യേ എല്ലാവരിലേക്കും എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ, മുഹമ്മദ് അബ്ദുള്ള സഹറാമി സഊദി, യു. ഷാഫി ഹാജി, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂർ മൊയ്തീൻ ഹാജി, ദർസ് സെക്രട്ടറി പി.വി കോമുക്കുട്ടി ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി ഓമശ്ശേരി, ഖത്തീബ് അലി അക്ബർ ഇംദാദി, മുൻ മുദരിസ് ഷാഹുൽഹമീദ് തങ്ങൾ ജമലുല്ലൈലി, നെച്ചിക്കാട്ട് അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷരീഫ് കുറ്റൂർ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്തീൻകുട്ടി, പത്തൂർ യൂനുസ്, നെച്ചിക്കാട്ട് ബാപ്പുട്ടി, നെച്ചിക്കാട്ട് മുഹമ്മദ്, പത്തൂർ സാഹിബ് ഹാജി, കൊണ്ടാണത്ത് ബാവ, പത്തൂർ അബ്ദുസ്സലാം, ചെറുപ്പാറ ഖത്തീബ് സലീം അൻവരി, ടി.സി അസൈനാർ ഹാജി, ഷാഹുൽഹമീദ് തങ്ങൾ, പി.പി കബീർ, പത്തൂർ മൂസക്കുട്ടി, ഇസ്ഹാഖ് ഫൈസി, പി.പി യൂനുസ്, ഇ.ടി നജ്മുദ്ദീൻ, കെ.കെ ശിഹാബ്, പനക്കൽ അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post
WhatsApp