കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകി വന്നിരുന്ന ധനസഹായം നിർത്തലാക്കി. ജീവിതോപാധി നഷ്ടപ്പെട്ടവർക്കായി പ്രതിമാസം നൽകി വന്നിരുന്ന 9,000 രൂപയുടെ (പ്രതിദിനം 300 രൂപ എന്ന കണക്കിൽ) സഹായമാണ് ജനുവരി മുതൽ ലഭിക്കില്ലെന്ന് ഉറപ്പായത്.
തുടക്കത്തിൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച സഹായം പിന്നീട് 2025 ഡിസംബർ വരെ നീട്ടിയിരുന്നു. മാതൃകാപരമായ പുനരധിവാസം പൂർത്തിയാകുന്നതുവരെ സഹായം തുടരുമെന്നായിരുന്നു സർക്കാർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ പുനരധിവാസ പദ്ധതികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. പല ദുരന്തബാധിതരും ഇപ്പോഴും വരുമാനമില്ലാതെ വാടക വീടുകളിലും മറ്റും കഴിയുന്ന സാഹചര്യത്തിൽ സഹായം നിർത്തലാക്കിയത് കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഏകദേശം ആയിരത്തോളം കുടുംബങ്ങൾക്കാണ് ഈ തുക ലഭിച്ചിരുന്നത്. കഴിഞ്ഞ മാസത്തെ തുക പോലും പലരുടെയും അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നും വിവരമുണ്ട്. പുനരധിവാസം പൂർത്തിയാകുന്നതുവരെ ധനസഹായം നീട്ടിനൽകണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.