റിയാദ്/ന്യൂഡൽഹി: ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിലുള്ള വിമാനയാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി എയർ ഇന്ത്യയും സൗദി അറേബ്യൻ എയർലൈൻസും (Saudia) തമ്മിൽ കോഡ്ഷെയർ കരാറിൽ ഒപ്പുവെച്ചു. ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ രണ്ട് എയർലൈനുകളുടെയും സേവനം ഉപയോഗപ്പെടുത്തി യാത്ര ചെയ്യാൻ സാധിക്കും.
പുതിയ കരാറിന്റെ നേട്ടങ്ങൾ:
- സിംഗിൾ ടിക്കറ്റ് യാത്ര: എയർ ഇന്ത്യയിലോ സൗദിയയിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക്, കണക്ഷൻ ഫ്ലൈറ്റുകൾക്കായി വീണ്ടും ചെക്ക്-ഇൻ ചെയ്യേണ്ടതില്ല. ഒരൊറ്റ ടിക്കറ്റിൽ ലക്ഷ്യസ്ഥാനത്ത് എത്താം.
- ലഗേജ് സൗകര്യം: യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് ചെക്ക്-ഇൻ ചെയ്യുന്ന ലഗേജുകൾ, ഇടയിലുള്ള കണക്ഷൻ എയർപോർട്ടുകളിൽ കൈപ്പറ്റാതെ തന്നെ നേരിട്ട് അവസാന ലക്ഷ്യസ്ഥാനത്ത് (Final Destination) ലഭിക്കും.
-
കൂടുതൽ നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി:
- സൗദിയിലേക്ക് പോകുന്നവർക്ക്: ജിദ്ദ, റിയാദ് വിമാനത്താവളങ്ങൾ വഴി ദമ്മാം, മദീന, അബഹ, ഗസീം, ഗിസാൻ, തായിഫ് തുടങ്ങിയ സൗദിയിലെ മറ്റ് നഗരങ്ങളിലേക്ക് എയർ ഇന്ത്യ യാത്രക്കാർക്ക് എളുപ്പത്തിൽ കണക്ഷൻ ലഭിക്കും.
- ഇന്ത്യയിലേക്ക് വരുന്നവർക്ക്: മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലേക്ക് സൗദിയ യാത്രക്കാർക്കും സുഗമമായി യാത്ര ചെയ്യാം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്താനും പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാനും ഈ സഹകരണം വഴിതുറക്കുമെന്ന് എയർ ഇന്ത്യ സി.ഇ.ഒ ക്യാമ്പ്ബെൽ വിൽസണും സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഒമറും വ്യക്തമാക്കി.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്