ടോൾ കുടിശ്ശികയുണ്ടെങ്കിൽ ഇനി ഫിറ്റ്‌നസും ആർ.സി മാറ്റവും നടക്കില്ല; നിയമം കർശനമാക്കി കേന്ദ്രം


(ന്യൂഡൽഹി): ടോൾ പ്ലാസകളിൽ പണമടയ്ക്കാതെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒ സേവനങ്ങൾ നിഷേധിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് (Central Motor Vehicles Second Amendment Rules 2026) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ:

  • സേവനങ്ങൾ മുടങ്ങും: ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകില്ല. കൂടാതെ, വാഹനം വിൽക്കുന്നതിനാവശ്യമായ എൻ.ഒ.സി (NOC) ലഭിക്കുന്നതിനും കുടിശ്ശിക തടസ്സമാകും.
  • പെർമിറ്റ് പുതുക്കൽ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ചരക്ക് വാഹനങ്ങളുടെയും ബസുകളുടെയും നാഷണൽ പെർമിറ്റ് പുതുക്കാനും ടോൾ ബാധ്യതകൾ തീർക്കേണ്ടിവരും.
  • സത്യവാങ്മൂലം: വാഹനം കൈമാറ്റം ചെയ്യുമ്പോൾ തനിക്ക് ടോൾ കുടിശ്ശികയില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഉടമകൾ സമർപ്പിക്കേണ്ടി വരും.

എങ്ങനെ നടപ്പാക്കും?

ടോൾ പ്ലാസകളിലെ വിവരങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി (NHAI) വഴി കേന്ദ്രീകൃത 'വാഹൻ' പോർട്ടലുമായി ബന്ധിപ്പിക്കും. കുടിശ്ശികയുള്ള വാഹനങ്ങളെ സിസ്റ്റം ഓട്ടോമാറ്റിക്കായി തിരിച്ചറിയുകയും ആർ.ടി.ഒ സേവനങ്ങൾ തടയുകയും ചെയ്യും. സ്ഥിരമായി ടോൾ വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ (Blacklist) പെടുത്താനും നീക്കമുണ്ട്.

Previous Post Next Post
WhatsApp