മലപ്പുറം: ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും മലപ്പുറം ജില്ല ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'കെയർ' (CARE) പദ്ധതിയുടെ ഭാഗമായ വോളണ്ടിയർമാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 21 വർഷമായി ജില്ലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരാണ് കെയർ വോളണ്ടിയർമാർ. കരിപ്പൂർ വിമാന അപകടം, കോവിഡ് മഹാമാരി എന്നീ ദുരന്തഘട്ടങ്ങളിൽ ഇവർ നടത്തിയ നിസ്വാർത്ഥ സേവനം വിലമതിക്കാനാവാത്തതാണ്. അവശവിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരാൻ കെയർ പദ്ധതിക്ക് സാധിച്ചതായും കളക്ടർ പറഞ്ഞു.
എന്താണ് കെയർ പദ്ധതി?
ജില്ലയിലെ ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ അടിയന്തര സാഹചര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ ആകെ 800 വോളണ്ടിയർമാരാണ് കെയറിൽ പ്രവർത്തിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 100 പേർക്ക് ഉള്ളതിൽ 88 പേർക്കുള്ള ഐഡി കാർഡും യൂണിഫോമും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ ഡി.എം ഡെപ്യുട്ടി കളക്ടർ സ്വാതി ചന്ദ്ര മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ എംപവർമെന്റ് ഓഫീസർ ഫത്തീല, ഡെപ്യൂട്ടി ഡിഎം.ഒ ഡോ.ഫിറോസ് ഖാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ പ്രസാദ്, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സജീവ്, സി.എം സുബൈർ, കെ. വിനോദ്, കെ.പി. പ്രതീഷ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ സ്വാഗതവും കെയർ പദ്ധതി ജില്ലാ കോഡിനേറ്റർ കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.