മാതൃകയാവുന്നു ഹുസ്നിയുടെ സമ്പാദ്യം; പാലിയേറ്റീവ് തണലായി കൊച്ചു മിടുക്കൻ

പെരുമണ്ണ ക്ലാരി: കാരുണ്യപ്രവർത്തനത്തിന്റെ വലിയ പാഠങ്ങൾ ജീവിതത്തിൽ പകർത്തി ഏഴാം ക്ലാസുകാരൻ നാടിന് അഭിമാനമാകുന്നു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിന്നുള്ള ഹുസ്നി കുറ്റിയിലാണ് തന്റെ കൊച്ചു സമ്പാദ്യം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച് മാതൃകയായത്.

​പാലച്ചിറമാട് എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ഹുസ്നി, താൻ സ്വരൂപിച്ച തുക കോഴിച്ചെന 'തണൽ' പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനാണ് കൈമാറിയത്. ഹുസ്നിയുടെ പിതാവ് ഇബ്രാഹിം കുറ്റിയിലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, പൊതുപ്രവർത്തകരായ അഷ്റഫ് പുളിക്കലകത്ത്, ഉസ്മാൻ കെ.ടി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.

​ചെറിയ സമ്പാദ്യമാണെങ്കിലും അത് വലിയൊരു ലക്ഷ്യത്തിനായി മാറ്റിവെച്ച ഹുസ്നിയുടെ ഈ സുമനസ്സ് വലിയ പ്രശംസ പിടിച്ചുപറ്റി. പൊതുപ്രവർത്തന രംഗത്തെ പ്രമുഖരും നാട്ടുകാരും ഹുസ്നിയെ അഭിനന്ദിച്ചു. വരുംതലമുറയ്ക്ക് പ്രചോദനമാണ് ഈ കൊച്ചു മിടുക്കന്റെ പ്രവർത്തി.

Previous Post Next Post
WhatsApp