(തിരൂരങ്ങാടി): ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ യഥാസമയം ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി. തലപ്പാറ ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം.
സംഭവം ഇങ്ങനെ:
തിരുവനന്തപുരം ബീമാപള്ളി സ്വദേശി മാഹിൻ എന്നയാൾ മുട്ടിചിറ ഭാഗത്തുവെച്ച് ബസിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ മറ്റ് യാത്രക്കാരെ വഴിയിലിറക്കി വിടാതെ, ബസ് നേരെ ഓടിച്ച് ജീവനക്കാർ രോഗിയുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബസ് ഡ്രൈവർ ചേളാരി ചെനക്കലങ്ങാടി സ്വദേശി ഹനീഫ, ബസ് കണ്ടക്ടർ പെരുവള്ളൂർ കൂമണ്ണ സ്വദേശി റാഫൽ എന്നിവരാണ് ഈ മാതൃകാപരമായ പ്രവർത്തി ചെയ്തത്.
ആദരവ്:
ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ മാനിച്ച് മലബാർ എമർജൻസി ടീം സ്നേഹോപഹാരം നൽകി ആദരിച്ചു. തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ സത്യനാഥൻ മാനാട്ട് മൊമെന്റോ കൈമാറി. ചടങ്ങിൽ ഡിവിഷൻ കൗൺസിലർമാരായ അയൂബ് തലാപ്പിൽ, റബിയത്ത് തിരൂരങ്ങാടി, മലബാർ എമർജൻസി ഗ്രൂപ്പ് അംഗങ്ങളായ ഫൈസൽ താണിക്കൽ, നാസർ ചെമ്മാട്, ബാബു പറക്കാടാവ്, അലി കൊടിഞ്ഞി, റിയാസ് ചെമ്മാട്, ശിഹാബ് തിരൂരങ്ങാടി, സിദ്ദീഖ് അഹ്സനി, ജസീൽ മുന്നിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.