നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല'; ഷാഫിയെ തടഞ്ഞ് DYFI, ഇറങ്ങി വന്ന് എംപി,നാടകീയത.

കാറിൽനിന്നിറങ്ങി ഡിവൈഎഫ്‌ഐ പ്രവർത്തകരോട് കയർക്കുന്ന ഷാഫി പറമ്പിൽ


നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല'; ഷാഫിയെ തടഞ്ഞ് DYFI, ഇറങ്ങി വന്ന് എംപി, നാടകീയത



കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി.

പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയും പ്രതിഷേധം. 'ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്' എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.  വടകര ടൗണ്‍ഹാളില്‍ കെ.കെ.രമ എംഎല്‍എ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുമ്പോള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2:25 ഓടെയാണ് സംഭവം. ടൗണ്‍ഹാളിനു മുന്നിലെ പാതയിലൂടെ ദേശീയപാതയിലേക്ക് നീങ്ങവെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ചാടിവീണു. ഷാഫിയെ തടയാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് ഷാഫിയുടെ കാറിന് അടുത്തെത്തി. പ്രവര്‍ത്തകരില്‍ ചിലര്‍ തെറിപ്രയോഗം നടത്തിയെന്നാണ് ആരോപണം. ഇതോടെയാണ് ഷാഫിയും ക്ഷുഭിതനായത്.



Previous Post Next Post