മലയാളികളുടെ ഇഷ്ട ഭക്ഷണം  പൊറോട്ടയും ബീഫും


മലയാളികളുടെ ഇഷ്ട ഭക്ഷണം  പൊറോട്ടയും ബീഫും


തിരുവനന്തപുരം-പുതുവത്സരം പിറന്ന് ആദ്യ 18 ദിവസത്തിനിടെ നഗരവാസികള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗി വഴി കഴിച്ചത് 3.60 ലക്ഷം പൊറോട്ട. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണം പൊറോട്ടയായിരുന്നു. ആ റെക്കാഡ് ഇത്തവണയും പൊറോട്ടയ്ക്ക് തന്നെയാകുമെന്നാണ് തുടക്കത്തിലേ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പൊറോട്ടയ്ക്ക് ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് നഗരത്തിന്റെ ഇഷ്ട കോമ്പിനേഷന്‍. ഒരു ലക്ഷം പ്ലേറ്റിനോട് അടുപ്പിച്ച് ബീഫ് കറിയും ഫ്രൈയുമാണ് പതിനെട്ട് ദിവസത്തിനിടെ നഗരവാസികള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത്. ജില്ലയില്‍ പക്ഷിപ്പനി പടര്‍ത്തിയ ഭീതി കാരണം ചിക്കന്‍ വില്പനയില്‍ നേരിട്ട ഇടിവ് സ്വിഗിയെയും ബാധിച്ചു. എന്നാല്‍ പൊറോട്ട കഴിഞ്ഞാല്‍ ആവശ്യക്കാര്‍ കൂടുതല്‍ ചിക്കന്‍ ബിരിയാണിക്കാണ്. 1.62 ലക്ഷം ചിക്കന്‍ ബിരിയാണിയാണ് നഗരത്തില്‍ 18 ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്.ഐസ് ക്രീം, ഫലൂദ, ചോക്കോലാവ, കോക്കനട്ട് പുഡ്ഡിംഗ് എന്നീ ഡെസേര്‍ട്ടുകളോടാണ് ലഘുഭക്ഷണത്തില്‍ നഗരവാസികള്‍ക്ക് പ്രിയം. ഇരുപതിനായിരത്തോളം പേരാണ് കഴിഞ്ഞ 18 ദിവസത്തിനിടെ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്.
ഓണ്‍ലൈനായി ഊണും മീന്‍കറിയും ഓര്‍ഡര്‍ ചെയ്യുന്നവര്‍ കുറവാണ്. അതേസമയം,സദ്യയ്ക്ക് ഓണ്‍ലൈനില്‍ ഡിമാന്‍ഡ് കൂടുതലാണ്. മീന്‍വിഭവങ്ങളെല്ലാം ഹോട്ടലുകളില്‍ നേരിട്ടെത്തി കഴിക്കാനാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. ഉച്ചഭക്ഷണ സമയത്തും ഭൂരിപക്ഷം നഗരവാസികളും സ്വിഗി വഴി ഓര്‍ഡര്‍ ചെയ്യുന്നത് പൊറോട്ടയും ചിക്കന്‍ ബിരിയാണിയുമാണ്.
അറേബ്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ വിഭവങ്ങള്‍ക്കാണ് വൈകിട്ട് ഓര്‍ഡര്‍ കൂടുതല്‍. അടുത്തകാലം വരെയും ഭൂരിപക്ഷം പേര്‍ക്കും തട്ടുകടകളില്‍ പോയി ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു. 

Previous Post Next Post