മുന്നറിയിപ്പ്ഃ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് ഒഴുകി നടക്കുന്ന കാർഗോകൾ തീരത്തടിഞ്ഞാൽ തൊടരുത്

തിരുവനന്തപുരം -കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.
ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്‌നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ തുടങ്ങി.
ഏത് കപ്പലിൽ നിന്നാണ് ഇവ കടലിൽ വീണതെന്ന് വ്യക്തമായിട്ടില്ല. കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാൽ പൊതുജനം ഇതിനടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. ഇത്തരമൊരു മുന്നറിയിപ്പ് സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.