മഴ കനക്കുന്നു; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ മുന്നറിയിപ്പ്
തിരുവനന്തപുരം: മഴ ശക്തമയതിന് പിന്നാലെ കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാത്രി 11.30 വരെ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയക്കാണ് സാധ്യതയുള്ളത്.
അതേസമയം സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തുടനീളം മഴ ശക്തിപ്പെടും. രണ്ടു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണിത്. കൂടാതെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ ഇത് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്.