കേരള തീരത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം
തിരുവനന്തപുരം: ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണിവരെയുള്ള 52 ദിവസത്തേക്ക് കേരളത്തില്‍ ട്രോളിങ് നിരോധിച്ച് ഉത്തരവിറക്കി. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ല കളക്ടര്‍മാര്‍, ജില്ല പൊലിസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലിസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സമെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫീഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ട്രോളിങ് നിരോധനം കാലയളവില്‍ ട്രോളിങ് ബോട്ടുകളില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ല കളക്ടര്‍മാരുടെ അധ്യക്ഷതിയല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പ് കേരള തീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാള്‍ക്കും ബയോമെട്രിക് ഐ.ഡി കാര്‍ഡ്/ ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രോളിങ് നിരോധന കാലയളവില്‍ ബോട്ടുകള്‍ ഏകീകൃത കോഡിങ് അടിയന്തിരമായി നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.