തിരൂര്‍ ആര്‍ടിഒ ഓഫീസില്‍ ലക്ഷങ്ങളുടെ ടാക്‌സ് വെട്ടിപ്പ്-മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം- സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസില്‍ നടക്കുന്ന വലിയ തട്ടിപ്പിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആര്‍ടിഒ ഓഫീസില്‍ ലക്ഷക്കണക്കിന് രൂപയുടെ ടാക്‌സ് വെട്ടിപ്പ് നടന്നെന്നാണ് മന്ത്രി വെളിപ്പെടുത്തുന്നത്. ടാക്‌സ് അടച്ചെന്ന് വരുത്തിത്തീര്‍ത്ത് പണം വെട്ടിച്ച വലിയൊരു സംഭവമാണ് നടന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ മുകളിലുള്ള വെട്ടിപ്പാണ് നടന്നതെങ്കില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ ആര്‍ടിഒ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും അടുത്ത ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. തിരൂര്‍ മാത്രമല്ല, മലപ്പുറം കേന്ദ്രീകരിച്ചുള്ള ഓഫീസുകളിലെല്ലാം ഇത്തരത്തില്‍ വലിയൊരു തട്ടിപ്പ് നടന്നതായി ഞങ്ങള്‍ സംശയിക്കുന്നുണ്ട്. അതിന്റെ സമഗ്രമായ അന്വേഷണം നടത്തും'.
കമ്പ്യൂട്ടറൈസായത് കൊണ്ട് തന്നെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ സാധിക്കും. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ നഷ്ടം വരുത്താന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ ഇനി സര്‍വീസില്‍ ഉണ്ടാകില്ല. അവരെ പിരിച്ചുവിടുമെന്ന കാര്യം ഉറപ്പാണ്. ദീര്‍ഘമായ സസ്പെന്‍ഷനേക്കാള്‍ നല്ലത് അവര്‍ക്കെതിരെ നടപടി സ്വീകരിച്ച് എവിടെങ്കിലും ഇരുത്തുന്നതാണ്. കാശ് കൊടുത്ത് വീട്ടില്‍ ഉണ്ണാനൊന്നും സമ്മതിക്കില്ല. വലിയ ക്രമക്കേട് നടത്തുന്നവരെ വീണ്ടും തിരിച്ചുകയറ്റുമ്പോള്‍ അവര്‍ വീണ്ടും കുഴപ്പമുണ്ടാക്കുകയാണ്'- മന്ത്രി വ്യക്തമാക്കി.