"വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ'മുസ്ലിം യൂത്ത് ലീഗ് മഹാറാലി സമാപനം Jan-21 ന് കോഴിക്കോട്.
"വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ' എന്ന ശീർശകത്തിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിൻ ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകളോട് കുടി തുടങ്ങിയ പ്രവർത്തനങ്ങളുടെ സമാപന മഹാറാലി ജനുവരി 21ന് ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് യുവജന മഹാറാലിയോട് കൂടി സമാപിക്കുകയാണ്. അതിന്റെ ഭാഗമായി മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 1 ന് വഴിക്കടവിൽ നിന്ന് ആരംഭിച്ച് ഡിസംബർ 20 ന് പൊന്നാനിയിൽ മഹാറാലി യോട് കൂടി സമാപിക്കുന്ന യൂത്ത് മാർച്ച് തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ ഡിസംബർ 13 ബുധൻ തെന്നലയിലെ കൊടകല്ലിൽ നിന്ന് ആരംഭിച്ച് പരപ്പനങ്ങാടിയിൽ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്. നവംബർ 17ന് യൂത്ത് സോക്കർ ഫുട്ബോൾ ടൂർണമെന്റ്, മേഖലാ തലങ്ങളിൽ ഗ്രാമ യാത്രകൾ, പോസ്റ്റർ സ്റ്റാറ്റസ് മത്സരം, നവംബർ 23ന് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ യൂത്ത് റൈഡ്, മുനിസിപ്പൽ തല സല്യൂട്ട് മാർച്ച്, പൂമുറ്റം ക്യാമ്പയിൻ, തുടങ്ങിയ വ്യത്യസ്തമായ കർമ്മ പദ്ധതികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു വരുന്നു. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറും കേരളം ഭരിക്കുന്ന പിണറായി സർക്കാറും
ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. ഭരണഘടനയിൽ നിന്നും 'ഇന്ത്യ' എന്ന പേര് നീക്കം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ അണിയറയിൽ നടത്തുന്നത്. ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട ഫാസിസ്റ്റ് സർക്കാർ വർഗ്ഗീയ അജണ്ടകൾ ഉയർത്തിക്കാട്ടി ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും വക്താക്കളായി കേന്ദ്ര സർക്കാർ മാറിയിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിന്റെ അതേ കാർബൺ കോപ്പി പോലെയാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാറും ഭരണകൂട ചെയ്തികൾക്കെതിരെ ശബ്ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരളത്തിലെ പിണറായി സർക്കാറും മോദീ പാതയിലാണ് മുന്നോട്ടു പോകുന്നത്. അതോടൊപ്പം അഴിമതിയുടെ ഹോൾസെയിൽ ഡീലർമാരായും മാറിയിരിക്കുന്നു. ഇന്ത്യയിലെവിടെയും കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക തട്ടിപ്പാണ് സി പി എം നേതൃത്വം നൽകുന്നത്. യോഗ്യതയില്ലാത്തവർക്ക് പിൻവാതിൽ നിയമനവും സ്വന്തക്കാർക്ക് ഔദ്യോഗിക പദവികളിൽ സ്ഥാനക്കയറ്റവും നൽകുകയും ചെയ്യുന്ന സർക്കാറാണ് കേരളത്തിൽ ഭരണം നടത്തുന്നത്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ സർക്കാറിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി പോലും അവതാളത്തിലായി. എന്നാൽ ദൂർത്തിന് ഒരു കുറവും വരുത്തുന്നില്ല . ജനദ്രോഹ ഭരണം തുടരുന്ന കേന്ദ്ര -കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ പൊതുസമൂഹത്തിൽ തുറന്ന് കാട്ടുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ നേതാക്കളായ പി.പി. ഷാഹുൽ ഹമീദ്, വി.എ. കബീർ, കെ.പി നൗഷാദ്, ആസിഫ് പാട്ടശ്ശേരി സംബന്ധിച്ചു.