നവകേരള സദസ്സില്‍ പങ്കെടുത്ത എന്‍ എ അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം, ഭാരവാഹിയല്ലെന്ന് പി എം എ സലാം
മലപ്പുറം - കാസര്‍കോട്ട് നവകേരള സദസിലെ പ്രഭാത പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ എ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പി എം എ സലാമും പി കെ കുഞ്ഞാലിക്കുട്ടിയും. നവകേരള സദസില്‍ ലീഗ് ഭാരവാഹികള്‍ പങ്കെടുത്തിട്ടില്ലെന്ന് പി എം എ സലാം മലപ്പുറത്ത് പറഞ്ഞു. എന്‍. എ അബൂബക്കര്‍ നിലവില്‍ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരവാഹികള്‍ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ഉണ്ടാകും. നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വളരെ വ്യക്തമായി യു ഡി എഫ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള ബാങ്ക് വിഷയത്തില്‍ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നും ലീഗ് നിലപാട് നേരത്തെ പറഞ്ഞതാണെന്നും പി എം എ സലാം വ്യക്തമാക്കി.