സാഹിത്യകാരി പി.വത്സല അന്തരിച്ചു
കോഴിക്കോട്-പ്രമുഖ സാഹിത്യകാരി പി.വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മുക്കം കെ.എം.സി.ടി ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4ന് കോഴിക്കോട് ജനനം. ഗവ.െ്രെടനിംഗ് സ്‌കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. 'നെല്ല്' ആണ് വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന 'ഖിലാഫത്ത്' എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. നിഴലുറങ്ങുന്ന വഴികൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷ പദവിയും വഹിച്ചു. എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, കൂമൻ കൊല്ലി, വിലാപം, വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ, പോക്കുവെയിൽ പൊൻവെയിൽ, എരണ്ടകൾ എന്നിവയാണ് പ്രധാന കൃതികൾ. ഭർത്താവ് എം. അപ്പുക്കുട്ടി.