വാംഖഡെയില്‍ ഇന്ത്യന്‍ തേരോട്ടം, കോഹ്‌ലിക്കും, ശ്രേയസിനും സെഞ്ചുറി.
മുംബൈ -ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ നാലിന് 397 റണ്‍സെടുത്തു. തുടക്കം മുതല്‍ ആക്രമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (29 പന്തില്‍ 47) പിന്നീട് കടിഞ്ഞാണേറ്റെടുത്ത ശുഭ്മന്‍ ഗില്ലും (66 പന്തില്‍ 80 നോട്ടൗട്ട്) മടങ്ങിയെങ്കിലും വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറികളോടെ റണ്‍മല പടുത്തുയര്‍ത്തി. കോലി ഏകദിന ക്രിക്കറ്റിലെ അമ്പതാം സെഞ്ചുറി തികച്ച് റെക്കോര്‍ഡിട്ടു (113 പന്തില്‍ 117). തൊട്ടുപിന്നാലെ ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി പൂര്‍ത്തിയാക്കി (70 പന്തില്‍ 105).
106 പന്തില്‍ ഒരു സിക്‌സറും എട്ട് ബൗണ്ടറിയുമായാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 80 റണ്‍സ് പിന്നിട്ടതു മുതല്‍ കോലി പേശിവേദനയുമായി പൊരുതി. എട്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമുണ്ട് ശ്രേയസിന്റെ സെഞ്ചുറിയില്‍. സൂര്യകുമാര്‍ യാദവ് (1) എളുപ്പം പുറത്തായി. കെ.എല്‍ രാഹുലും (20 പന്തില്‍ 39 നോട്ടൗട്ട്) തിരിച്ചുവന്ന ഗില്ലുമാണ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്.
സചിന്‍ ടെണ്ടുല്‍ക്കറുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് സചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പേരിലുള്ള ഇരട്ട റെക്കോര്‍ഡ് കോലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 49 സെഞ്ചുറിയാണ് സചിന്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത സചിന്റെ റെക്കോര്‍ഡും കോലി മറികടന്നു. 2003 ലെ ലോകകപ്പില്‍ സചിന്‍ 673 റണ്‍സെടുത്തിരുന്നു.
സചിന്‍ 451 ഏകദിനങ്ങളിലാണ് 49 സെഞ്ചുറിയടിച്ചതെങ്കില്‍ കോലി 279ാമത്തെ ഇന്നിംഗ്‌സിലാണ് അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ കളിയില്‍ സെഞ്ചുറിയടിച്ച ശ്രേയസ് അയ്യരും 35 പന്തില്‍ അര്‍ധ ശതകം പിന്നിട്ട് കുതിക്കുകയാണ്
ഗില്ലിന് 79 ലുള്ളപ്പോള്‍ പേശിവേദന കാരണം പിന്മാറേണ്ടി വരികയായിരുന്നു. ഇന്ത്യ ഇരുപത്തഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് കളികളില്‍ ഏഴിലും അര്‍ധ ശതകം നേടിയ വിരാട് കോലി ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ചുറിയാണ് തികച്ചത്.
പതിമൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 പിന്നിട്ട ഇന്ത്യ ഇരുപതാം ഓവറില്‍ 150 കടന്നു. മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയുമുണ്ട് ഗില്ലിന്റെ ഇന്നിംഗ്‌സില്‍. വമ്പന്‍ ഷോട്ടുകളുമായി കുതിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒമ്പതാം ഓവറില്‍ ന്യൂസിലാന്റ് പുറത്താക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 29 പന്തില്‍ 47 റണ്‍സെടുത്തു. അഞ്ചാം സിക്‌സറിനുള്ള ശ്രമത്തില്‍ മനോഹരമായി കെയ്ന്‍ വില്യംസന്‍ പിടിച്ചു. അതേ ഓവറില്‍ കോലിക്കെതിരെ ശക്തമായ എല്‍.ബി അപ്പീലുയര്‍ന്നെങ്കിലും റിവ്യൂയില്‍ രക്ഷപ്പെട്ടു. രോഹിത് പുറത്തായതോടെ ഗില്‍ കടിഞ്ഞാണേറ്റെടുത്തു.