ഒറ്റക്കാലില്‍ മാക്‌സവെല്‍ ഡബ്ള്‍, അദ്ഭുത ജയവുമായി ഓസീസ് സെമി


ഒറ്റക്കാലില്‍ മാക്‌സ്‌വെല്‍ മാജിക്

-അട്ടിമറിയുടെ വക്കില്‍ നിന്ന് ഓസീസിനെ ജയത്തിലേക്ക് നയിച്ച് മാക്‌സ്‌വെല്‍, ലോകകപ്പിലെ ആദ്യ ഡബ്ള്‍ സെഞ്ചുറി 

മുംബൈ - ലോകകപ്പ് ചരിത്രത്തിലെ അവിസ്മരണീയ തിരിച്ചുവരവില്‍ അഫ്ഗാനിസ്ഥാനെതിരെ അദ്ഭുത വിജയവുമായി ഓസ്‌ട്രേലിയ സെമിഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. 291 റണ്‍സിന്റെ ലക്ഷ്യം പിന്തുടരവെ ഏഴിന് 91 ലേക്ക് തകര്‍ന്ന ഓസ്‌ട്രേലിയയെ റെക്കോര്‍ഡായ 202 റണ്‍സ് കൂട്ടുകെട്ടിലൂടെ മാക്‌സവെലും ക്യപ്റ്റന്‍ പാറ്റ് കമിന്‍സും രക്ഷിക്കുകയായിരുന്നു. സെഞ്ചുറി നേടിയതു മുതല്‍ നടക്കാന്‍ പോലും വയ്യാതെ പ്രയാസപ്പെട്ട മാക്‌സ്‌വെല്‍ ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഡബ്ള്‍ സെഞ്ചുറിയുടെ ഉടമയായി (128 പന്തില്‍ 201 നോട്ടൗട്ട്) പൂര്‍ത്തിയാക്കിയത്. നേരത്തെ ഓപണര്‍ ഇബ്രാഹിം സദ്‌റാന്‍ ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമായതോടെ ടൂര്‍ണമെന്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ സ്‌കോര്‍ അവര്‍ അടിച്ചെടുത്തിരുന്നു്, അഞ്ചിന് 291. 










ബൗണ്ടറിയില്‍ 144 റണ്‍സ്
മറുപടിയായി പത്തൊമ്പതാം ഓവറില്‍ ഏഴിന് 91 ലേക്ക് തകര്‍ന്നതോടെ ഓസീസിന്റെ കഥ കഴിഞ്ഞതായിരുന്നു. മുപ്പത്തിമൂന്നിലുള്ളപ്പോള്‍ മാക്‌സ്‌വെല്‍ അനുവദിച്ച അനായാസ ക്യാച്ച് മുജീബുറഹ്മാന്‍ കൈവിട്ടതോടെ അഫ്ഗാന്‍ പോരാട്ടത്തിന്റെ കാറ്റൊഴിഞ്ഞു. പിന്നീട് കമിന്‍സ് (68 പന്തില്‍ 12 നോട്ടൗട്ട്) ഒരറ്റം ഭദ്രമാക്കുകയും മറുവശത്ത് മാക്‌സ്‌വെല്‍ ആഞ്ഞടിക്കുകയും ചെയ്തു. എട്ടാം വിക്കറ്റിലെ അഭേദ്യമായ 202 റണ്‍സ് കൂട്ടുകെട്ടില്‍ 12 റണ്‍സ് മാത്രമായിരുന്നു കമിന്‍സിന്റെ സംഭാവന. പക്ഷെ അത് നിര്‍ണായകമായി. മാക്‌സ്‌വെലിന്റെ ഇന്നിംഗ്‌സില്‍ 10 സിക്‌സറും 21 ബൗണ്ടറിയുമുണ്ട്. മൊത്തം 144 റണ്‍സ് ബൗണ്ടറികളിലൂടെയായിരുന്നു. 

മാക്‌സ്‌വെലിന് ഓടാന്‍ സാധിക്കാതിരുന്നതോടെ ബൗണ്ടറികള്‍ മഴി മാത്രമായി റണ്‍സ്. മുജീബുറഹ്മാന്‍ എറിഞ്ഞ 47ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ 6, 6, 4, 6 നേടിയാണ് ഓള്‍റൗണ്ടര്‍ ജയം പൂര്‍ത്തിയാക്കിയത്. ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന സ്‌കോറാണ് മാക്‌സ്‌വെലിന്റേത്. 

രണ്ട് ടീമുകള്‍ക്ക് ആശ്വാസം
തോറ്റെങ്കിലും അഫ്ഗാനിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ തോല്‍വി ന്യൂസിലാന്റ്, പാക്കിസ്ഥാന്‍ ടീമുകളുടെ പ്രതീക്ഷ നിലനിര്‍ത്തി. 
പലതവണ ജീവന്‍ കിട്ടിയ മാക്‌സ്‌വെല്‍ ടൂര്‍ണമെന്റില്‍ രണ്ടാം സെഞ്ചുറിയാണ് നേടിയത്. 51 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ഓള്‍റൗണ്ടര്‍ അവിടെ നിന്ന് 25 പന്തില്‍ സെഞ്ചുറി കടന്നു. 
8.2 ഓവറില്‍ 49 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നാലു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. വൈകാതെ ഏഴിന് 91 ലേക്ക് ടീം തകര്‍ന്നു. മാക്‌സ്‌വെല്‍ പലതവണ പുറത്താവേണ്ടതായിരുന്നു. മാര്‍നസ് ലാബുഷൈന്റെ (28 പന്തില്‍ 14) റണ്ണൗട്ടിന് കാരണക്കാരനായ ഓള്‍റൗണ്ടര്‍ പിന്നീട് എല്‍.ബി വിധിക്കപ്പെട്ട് ക്രീസ് വിട്ടതായിരുന്നു. എന്നാല്‍ റിവ്യൂ അപ്പീലില്‍ മുജീബുറഹ്മാന്റെ പന്ത് അല്‍പം ഉയര്‍ന്നു പോയതായി കണ്ടെത്തി. പിന്നാലെ മാക്‌സ്‌വെല്‍ ഉയര്‍ത്തിയടിച്ച പന്ത് ഷോട് ഫൈന്‍ലെഗില്‍ മുജീബ് കൈവിട്ടു. സെഞ്ചുറി നേടിയ ശേഷം മാക്‌സ് വെല്‍ വേദനയുമായി പൊരുതിയപ്പോള്‍ അടുത്ത ബാറ്റര്‍ ആഡം സാംപ തയാറെടുത്ത് നില്‍പുണ്ടായിരുന്നു. 176 ലുള്ളപ്പോള്‍ നവീനുല്‍ ഹഖിന്റെ റിട്ടേണ്‍ ക്യാച്ചില്‍ നിന്ന് മാക്‌സ്‌വെല്‍ രക്ഷപ്പെട്ടു. 
രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ ട്രാവിസ് ഹെഡിനെ (0) പെയ്‌സ്ബൗളര്‍ നവീനുല്‍ ഹഖ് പുറത്താക്കി. പകരം വന്ന മിച്ചല്‍ മാര്‍ഷ് (11 പന്തില്‍ 24) പ്രത്യാക്രമണം അഴിച്ചുവിട്ടെങ്കിലും നവീനുല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അസ്മതുല്ല ഉമര്‍സായി തുടര്‍ച്ചയായ പന്തുകളില്‍ ഡേവിഡ് വാണറെയും (29 പന്തില്‍ 18) ജോഷ് ഇന്‍ഗ്ലിസിനെയും (0) പുറത്താക്കി. ഇന്‍സ്വിംഗറില്‍ വാണറുടെ കുറ്റി തെറിച്ചപ്പോള്‍ ഔട്‌സ്വിംഗറില്‍ ഇന്‍ഗ്ലിസിനെ സ്ലിപ്പില്‍ സദ്‌റാന്‍ പിടിച്ചു. ഹാട്രിക് പന്ത് മാക്‌സ്‌വെലിന്റെ ബാറ്റിലുരസിയെങ്കിലും വിക്കറ്റ്കീപ്പറുടെ കൈയിലേക്കെത്തിയില്ല. മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെയും (6) മിച്ചല്‍ സ്റ്റാര്‍ക്കിനെയും (3) റാഷിദ് ഖാന്‍ പുറത്താക്കി. സ്റ്റാര്‍ക്കിനെ വിക്കറ്റ്കീപ്പര്‍ അദ്ഭുതകരമായി പിടിക്കുകയായിരുന്നു. റിവ്യൂ ചെയ്യാതെ സ്റ്റാര്‍ക്ക് ക്രീസ് വിട്ടു. എന്നാല്‍ പന്ത് ബാറ്റില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് റീപ്ലേ തെളിയിച്ചു. 

അഫ്ഗാന്റെ ഉയര്‍ന്ന സ്‌കോര്‍
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ഓപണര്‍ ഇബ്രാഹിം സദ്‌റാനാണ് അഫ്ഗാന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. 131 പന്തില്‍ ഏഴ ബൗണ്ടറിയുമായി സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം സിക്‌സറോടെ സദ്‌റാന്‍ അത് ആഘോഷിച്ചു. ആദ്യമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ താരം സെഞ്ചുറിയടിക്കുന്നത്. 
റഹമാനുല്ല ഗുര്‍ബാസ് (25 പന്തില്‍ 21) റഹമത് ഷാ (44 പന്തില്‍ 30), അസ്മതുല്ല ഉമര്‍സായ് (43 പന്തില്‍ 26) എന്നിവരെല്ലാം നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. 
ഓസ്‌ട്രേലിയ ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചു. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ഉയര്‍ന്ന സ്‌കോറാണ് ഇത്. 
Previous Post Next Post
WhatsApp