ഷമിക്ക് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ഫൈനല്‍



ഷമിക്ക് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ഫൈനല്‍


മുംബൈ - വിരാട് കോലിയുടെ അമ്പതാം ഏക സെഞ്ചുറിയിലൂടെ മനം നിറഞ്ഞ വാംഖഡെയില്‍ ന്യൂസിലാന്റിനോട് ഇന്ത്യ കണക്കുതീര്‍ത്തു. ന്യൂസിലാന്റില്‍ നിന്ന് കനത്ത വെല്ലുവിളി നേരിട്ടെങ്കിലും ബാറ്റിംഗ് കരുത്തും മുഹമ്മദ് ഷമിയുടെ ബൗളിംഗ് പാടവവും ഇന്ത്യക്ക് മൂന്നാം തവണ ഫൈനലുറപ്പിച്ചു. ടോസിന്റെ ആനുകൂല്യം ലഭിച്ച ശേഷം കോലിയുടെ അമ്പതാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ തുടര്‍ച്ചയായ രണ്ടാം ശതകവും ഇന്ത്യയെ നാലിന് 397 എന്ന റണ്‍ കൊടുമുടി പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. ഓപണര്‍മാര്‍ തുടക്കത്തിലേ പുറത്തായ ശേഷം ഡാരില്‍ മിച്ചലിന്റെ സെഞ്ചുറിയിലൂടെ ന്യൂസിലാന്റ് അതിശക്തമായി തിരിച്ചടിച്ചു. രണ്ടാം സ്‌പെല്ലില്‍ മൂന്നു പന്തിനിടെ കെയ്ന്‍ വില്യംസനെയും ടോം ലേതമിനെയും പുറത്താക്കി മുഹമ്മദ് ഷമിയാണ് കളിയുടെ ഇന്ത്യയുടെ വഴിയിലേക്ക് തിരിച്ചത്. അതോടെ കിവീസിന്റെ പ്രത്യാക്രമണം ഫലത്തില്‍ അവസാനിച്ചു. പിന്നീട് തുടരെ വിക്കറ്റ് വീണതോടെ അവരുടെ മറുപടി 48.5 ഓവറില്‍ 327 ന് അവസാനിച്ചു. ആദ്യ നാലെണ്ണമുള്‍പ്പെടെ ഷമി ഏഴു വിക്കറ്റെടുത്തു. കരിയര്‍ ബെസ്റ്റ് പ്രകടനം (9.5-0-57-7). ഇന്ത്യക്ക് 70 റണ്‍സ് ജയം. 2019 ലെ സെമിഫൈനലിലെ 18 റണ്‍സ് തോല്‍വിക്ക് തിരിച്ചടി. ഈ ലോകകപ്പിലെ തുടര്‍ച്ചയായ പത്താം ജയം. കിരീടം ഒരു വിജയമകലെ. 1983 ലും 2003 ലും 2011 ലുമാണ് മുമ്പ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്. 

രോഹിത്, ഗില്‍ ആക്രമണം
തുടക്കം മുതല്‍ ആക്രമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (29 പന്തില്‍ 47) രോഹിത് പുറത്തായ ശേഷം ചുമതലയേറ്റ ശുഭ്മന്‍ ഗില്ലും (66 പന്തില്‍ 80 നോട്ടൗട്ട്) ഇന്നിംഗ്‌സിന് ശക്തമായ അടിത്തറയിട്ടു. പത്തോവറില്‍ ഒന്നിന് 84 ലെത്തിയ ഇന്ത്യ ഇരുപതോവറില്‍ 150 പിന്നിട്ടു. 79 ലുള്ളപ്പോള്‍ പേശിവേദനയുമായി ഗില്‍ മടങ്ങിയ ശേഷം കോലിയും (113 പന്തില്‍ 117) ശ്രേയസ് അയ്യരും (70 പന്തില്‍ 105) കടിഞ്ഞാണേറ്റെടുത്തു. 
പിന്നീട് ഷമി ആദ്യ സ്‌പെല്ലില്‍ ഓപണര്‍മാരെ പുറത്താക്കി. രാഹുലിന്റെ മനോഹരമായ ക്യാച്ചുകളില്‍ ഡെവോണ്‍ കോണ്‍വെയെയും (13) രചിന്‍ രവീന്ദ്രയെയും (13) ഷമി മടക്കി. പത്തോവറില്‍ 47 റണ്‍സിലേക്ക് കിവീസ് ഇഴഞ്ഞു. പിന്നീട് മിച്ചലും (116 പന്തില്‍ 133 നോട്ടൗട്ട്) വില്യംസനും (73 പന്തില്‍ 69) ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ബൗളിംഗ് മുനയൊടിഞ്ഞതായി തോന്നി. അസാധ്യ വിജയത്തിന്റെ ലാഞ്ഛനയുയര്‍ന്നു. ഫീല്‍ഡിംഗിലും ഇന്ത്യ പരുങ്ങി. ജസ്പ്രീത് ബുംറയെ തിരിച്ചുവിളിച്ച് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ വില്യംസന്‍ അനുവദിച്ച ക്യാച്ച് ഷമി പാഴാക്കി. 
ഒടുവില്‍ മുപ്പത്തിമൂന്നാം ഓവര്‍ എറിയാന്‍ ഷമിയെ രോഹിത് ശര്‍മ വിളിച്ചു. രണ്ടാമത്തെ പന്തില്‍ വില്യംസനെയും നാലാമത്തെ പന്തില്‍ ടോം ലേതമിനെയും (0) ഷമി പുറത്താക്കി. പിന്നീട് ഗ്ലെന്‍ ഫിലിപ്‌സ് (33 പന്തില്‍ 41) ഒഴികെ ആരില്‍ നിന്നും മിച്ചലിന് കാര്യമായ പിന്തുണ ലഭിച്ചില്ല. അവരുടെ പോരാട്ടം എരിഞ്ഞടങ്ങി. മിച്ചലിനെ (119 പന്തില്‍ 134) ഷമി പുറത്താക്കി. 

അമ്പതാം സെഞ്ചുറി

തൊണ്ണൂറുകളിലെത്തിയതു മുതല്‍ പേശിവേദനയുമായി പൊരുതിയ കോലി 106 പന്തില്‍ ഒരു സിക്‌സറും എട്ട് ബൗണ്ടറിയുമായാണ് അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയുമുണ്ട് ഇന്നിംഗ്‌സില്‍. 
കഴിഞ്ഞ കളിയില്‍ സെഞ്ചുറിയടിച്ച ശ്രേയസ് 35 പന്തില്‍ അര്‍ധ ശതകം പിന്നിട്ടു. എട്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമായാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സൂര്യകുമാര്‍ യാദവ് (1) എളുപ്പം പുറത്തായി. കെ.എല്‍ രാഹുലും (20 പന്തില്‍ 39 നോട്ടൗട്ട്) തിരിച്ചുവന്ന ഗില്ലുമാണ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്. 
23ാം ഓവറില്‍ 79 ലുള്ളപ്പോള്‍ ഗില്ലിന് പേശിവേദന കാരണം പിന്മാറേണ്ടി വരികയായിരുന്നു. മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയുമുണ്ട് ഗില്ലിന്റെ ഇന്നിംഗ്‌സില്‍. പതിമൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 പിന്നിട്ട ഇന്ത്യ ഇരുപതാം ഓവറില്‍ 150 കടന്നു.  
വമ്പന്‍ ഷോട്ടുകളുമായി കുതിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 29 പന്തില്‍ 47 റണ്‍സെടുത്താണ് ഇന്ത്യയുടെ ഉദ്ദേശ്യം വ്യക്തമാക്കിയത്. അഞ്ചാം സിക്‌സറിനുള്ള ശ്രമത്തില്‍ മനോഹരമായി കെയ്ന്‍ വില്യംസന്‍ പിടിച്ചു. അതേ ഓവറില്‍ കോലിക്കെതിരെ ശക്തമായ എല്‍.ബി അപ്പീലുയര്‍ന്നെങ്കിലും റിവ്യൂയില്‍ രക്ഷപ്പെട്ടു. രോഹിത് പുറത്തായതോടെ ഗില്‍ കടിഞ്ഞാണേറ്റെടുത്തു. 
രോഹിതിന് ലോകകപ്പുകളില്‍ 50 സിക്‌സറായി. ക്രിസ് ഗയ്‌ലിനെ (വെസ്റ്റിന്‍ഡീസ്-48) മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. രണ്ട് ടീമും മാറ്റമില്ലാതെയാണ് ഇറങ്ങിയത്. 

സചിന്‍ സാക്ഷി, ഇരട്ട റെക്കോര്‍ഡ്

സചിന്‍ ടെണ്ടുല്‍ക്കറുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് സചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പേരിലുള്ള ഇരട്ട റെക്കോര്‍ഡ് കോലി സ്വന്തമാക്കിയത്. സചിന്റെ 49 സെഞ്ചുറികളും ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത റെക്കോര്‍ഡും കോലി മറികടന്നു. 2003 ലെ ലോകകപ്പില്‍ സചിന്‍ 673 റണ്‍സെടുത്തിരുന്നു. 
സചിന്‍ 451 ഏകദിനങ്ങളിലാണ് 49 സെഞ്ചുറിയടിച്ചതെങ്കില്‍ കോലി 279ാമത്തെ ഇന്നിംഗ്‌സിലാണ് അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

വീണ്ടും ഷമി മാജിക്ക്

ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയ ന്യൂസിലാന്റിനെ ചെറിയ സ്‌കോറിലൊതുക്കിയത് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയായിരുന്നു. ഈ ലോകകപ്പില്‍ ഷമിയുടെ ആദ്യ മത്സരമായിരുന്നു അത്. സെമിഫൈനലിലും മറ്റു ബൗളര്‍മാര്‍ പരുങ്ങിയപ്പോള്‍ ഷമി അവസരത്തിനൊത്തുയര്‍ന്നു. തുടക്കത്തില്‍ തന്നെ ഓപണര്‍മാരെ മടക്കി. രണ്ടാം സ്‌പെല്ലില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ കൂട്ടുകെട്ട് പൊളിച്ചു. മൂന്നു പന്തില്‍ രണ്ടു വിക്കറ്റെടുത്ത് കളി തിരിച്ചു. ഒടുവില്‍ പൊരുതിനിന്ന ഡാരില്‍ മിച്ചലിനെ പുറത്താക്കി. ടിം സൗതീയെയും മടക്കി കരിയര്‍ ബെസ്റ്റ് ബൗളിംഗ് കാഴ്ചവെച്ചു.
Previous Post Next Post