റിപ്പോർട്ടർ ടി.വി ഹെഡ് ഓഫീസിൽ പോലീസ് റെയ്ഡ്; മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തു
ഓൺലൈൻ ഡെസ്ക് | 16-09-2026
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കൊച്ചിയിലുള്ള ഹെഡ് ഓഫീസിൽ പോലീസിന്റെ മിന്നൽ പരിശോധന. ഇന്ന് പുലർച്ചെ ഓഫീസിൽ എത്തിയ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാധ്യമപ്രവർത്തകരുടെ ഫോണുകൾ ഉൾപ്പെടെ പിടിച്ചെടുത്തതായി പരാതിയുണ്ട്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമ പ്രവർത്തകരും സാങ്കേതിക ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്കിൽ ജോലി തടസ്സപ്പെടുത്തും വിധമാണ് പോലീസ് സംഘം കടന്നുകയറിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതേസമയം, ഈ പരിശോധനയ്ക്ക് സംസ്ഥാന ഡി.ജി.പി അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.
പരിശോധനക്കെതിരേ പിണറായി വിജയൻ
റിപ്പോർട്ടർ ടി.വി ചാനൽ ഓഫീസിലെ പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ന്യൂസ് ഡെസ്ക്കിൽ കടന്നുകയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരള പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡെസ്കിൽ ഇരച്ചുകയറിയ പോലീസ് സംഘം മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവാങ്ങുകയും ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകരുടെ ദൃശ്യങ്ങളും പോലീസ് പകർത്തിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് സമാനമായ സംഭവമാണ് ഇപ്പോൾ കേരളത്തിലും നടന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Kerala Police conducted a raid at the Reporter TV head office in Kochi early this morning. The raid is reportedly in connection with a multi-crore scam case involving false promises of bringing Lionel Messi to Kerala. Journalists alleged that police officers seized their mobile phones and disrupted operations at the news desk. Leader of the Opposition Pinarayi Vijayan strongly condemned the police action, calling it reminiscent of the Emergency period, and demanded an explanation from the Chief Minister and Home Minister.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Here
🔵 WhatsApp Channel: Follow Here
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 Website: www.karumbillive.in