ശിഹാബ് ചോറ്റൂർ ലക്ഷ്യത്തിലേക്ക് അടുക്കുന്നു.


ശിഹാബ് ചോറ്റൂർ ലക്ഷ്യത്തിലേക്ക് അടുക്കുന്നു


 ദമാം: വളാഞ്ചേരി ആതവനാട് നിന്ന് കാൽ നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. സൗദിയിലെത്തിയ ശിഹാബ് മദീന ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. 
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 5.15ന് സൗദി-കുവൈത്ത് അതിർത്തിയായ ‘അൽ റഖായി’ വഴിയാണ് ശിഹാബ് സൗദിയിലേക്ക് പ്രവേശിച്ചത്. മലയാളി സാമൂഹിക പ്രവർത്തകരായ ഹഫര്‍ അല്‍ ബാത്വിനിലെ സാഹിര്‍ വാഴക്കാട്, ഷനീത് കണ്ണൂര്‍, ഷാഹുല്‍ ഹമീദ് പള്ളിക്കല്‍ ബസാര്‍, അബൂബക്കര്‍ മഞ്ചേരി, ആസിഫ് കണ്ണൂര്‍, നൗഫല്‍, അഫ്സര്‍, ജിദേഷ്, യൂസഫ്, സക്കീര്‍, ഷിനാജ് എന്നിവര്‍ ചേര്‍ന്നാണ് ശിഹാബിനെ സൗദിയിലേക്ക് സ്വാഗതം ചെയ്തത്. 
ഒരു ദിവസം കൊണ്ട് കുവൈറ്റിൽ നിന്ന് 60 കിലോമീറ്ററിലധികം നടന്നാണ് ഷിഹാബ് സൗദിയിലെത്തിയത്.
കുവൈറ്റ് അതിർത്തിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഷിഹാബിനോട് പാസ്‌പോർട്ടും യാത്രാ രേഖകളും ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് യൂണിഫോമിലല്ലാത്തതിനാൽ ആളെ തിരിച്ചറിയാതെ യാത്രാരേഖകൾ നൽകാൻ ഷിഹാബ് വിസമ്മതിച്ചു. ഇതോടെ പൊലീസ് സൈന്യത്തെ വിളിച്ചുവരുത്തി. അതിവേഗത്തിൽ എത്തിയ സൈനിക വാഹനത്തിൽ നിന്ന് ഇറങ്ങിയ സൈനികർ തോക്കിന് മുനയിൽ നിർത്തി ഷിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. എല്ലാ രേഖകളും പരിശോധിച്ച് യാത്രയുടെ ഉദ്ദേശം മനസ്സിലാക്കിയതിൽ സംതൃപ്തരായ അവർ ഷിഹാബിനെ വിട്ടയക്കുകയും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വ്രതാനുഷ്ഠാന സമയമായതിനാൽ രാത്രിയിലാണ് കൂടുതലും നടപ്പ്.   
സൗദിയിലെത്തിയ ശിഹാബും സുഹൃത്തുക്കളും ഏഴു കിലോമീറ്റർ പിന്നിട്ടപ്പോൾ ഒരു പെട്രോൾ സ്റ്റേഷനിലെത്തി. അവിടെ നിന്ന് ഒരു മലയാളിയെ കണ്ടെത്തി താമസസ്ഥലത്ത് വിശ്രമിച്ചു. രാത്രിയിൽ വീണ്ടും പുറപ്പെട്ട ഷിഹാബ് ഏറെ ദൂരം നടന്ന് വര്‍ബ് ശാമിയ എന്ന സ്ഥലത്ത് ഒരു യെമൻ പൗരന്റെ ഉടമസ്ഥതയിലുള്ള ഇസ്തിറാഹയിൽ (വിശ്രമസ്ഥലം) താമസിച്ചു. അടുത്ത ദിവസം അവിടെ നിന്ന് പുറപ്പെട്ട് 90 കിലോമീറ്ററോളം നടന്ന് ഹഫർ അൽ ബാത്വിൻ പട്ടണത്തിൽ പ്രവേശിച്ചു. ഇന്ന് രാവിലെ പങ്കുവെച്ച വീഡിയോയിൽ റിയാദ് റോഡിലാണ് അദ്ദേഹം ഉള്ളത്. ഇനി നാല് ദിവസം മരുഭൂമിയിലൂടെയാണ് നടത്തം.
Previous Post Next Post
WhatsApp