ഒരു കുഞ്ഞു തീഗോളം, പിന്നെ അതിഭയങ്കര സ്‌ഫോടന ശബ്ദം; ഉറക്കമുണര്‍ന്നത് നിറഞ്ഞ പുകയിലേക്ക്’ തീപിടുത്തത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാവാതെ താമസക്കാര്‍


ഒരു കുഞ്ഞു തീഗോളം, പിന്നെ അതിഭയങ്കര സ്‌ഫോടന ശബ്ദം; ഉറക്കമുണര്‍ന്നത് നിറഞ്ഞ പുകയിലേക്ക്’ തീപിടുത്തത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാവാതെ താമസക്കാര്‍


സമയം ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി. ദുബായ് അല്‍ റാസ് മേഖലയില്‍ 16 പേരുടെ മരണത്തിനിടയാക്കിയ അതിഭീകരമായ ഒരു തീപിടുത്തമുണ്ടായിട്ട് ഏതാണ്ട് 12 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. താഴെയിരുന്നാല്‍ കാണാം നാലാം നിലയില്‍ ആളിക്കത്തി നക്കിത്തുടച്ചെടുത്തതിന്റെ ഇനിയും പുകയമരാത്ത അവശിഷ്ടങ്ങള്‍. താഴെ ഒറ്റരാത്രി കൊണ്ട് താമസിക്കിനിടമില്ലാതായിപ്പോയ അനേകം മനുഷ്യരും.

‘തീപിടുത്തമുണ്ടായി വൈകീട്ട് മൂന്നുമണിക്ക് ഒഴിപ്പിച്ചതു മുതല്‍ ഇവിടിരിക്കുകയാണ് ഞങ്ങള്‍’ കെട്ടിടത്തിലെ താമസക്കാര്‍ പറയുന്നു. വീട്ടിലേക്ക് തിരിച്ചു പോകാനുള്ള കാത്തിരിപ്പിലാണവര്‍. ചായ കുടിച്ചും ചുമ്മാ സംസാരിച്ചിരുന്നും ഖുര്‍ആന്‍ വായിച്ചും മണിക്കൂറുകളായി കാത്തിരിപ്പിലാണവര്‍.

മലയാളികളടക്കം സാധാരണക്കാരായ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ദുബായ് ദെയ്‌റയില്‍പ്പെടുന്ന ഫ്രിജ് മുറാറും അല്‍ റാസ് ഏരിയയും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്ചിലര്‍മാരുടെ ഫ്‌ളാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ, ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാന്‍ സ്വദേശികളുടെയും പ്രധാന താമസ കേന്ദ്രമാണിത്. ഡബിള്‍ഡക്കര്‍ കട്ടിലുകളിലായി ആറിലേറെ പേര്‍ ഒരു മുറിയില്‍ താമസിക്കുന്നുണ്ട്.

കെട്ടിടത്തില്‍ നിന്ന് തീനാളങ്ങള്‍ ഉയരുന്നത് സമീപത്ത് താമസിക്കുന്നവര്‍ കണ്ടിരുന്നെങ്കിലും ഇത്രയും വലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല. തകരാറുള്ള എസിയില്‍ നിന്നുള്ള മിന്നല്‍പിണരാണെന്നാണ് ആദ്യം കരുതിയത്. സമീപവാസികള്‍ പറയുന്നു.


ഞങ്ങള്‍ ആദ്യം തീ കണ്ടു. അത് എസി കത്തുകയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മിനുട്ടുകള്‍ക്കുള്ളില്‍ വലിയ പൊട്ടിത്തെറി കേട്ടു. എസിയുടെ കണ്ടന്‍സര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് അപ്പോഴും കരുതിയത്. തൊട്ടടുത്ത നിമിഷം തീ പടര്‍ന്നു. പുകപടലങ്ങള്‍ പുറത്തേക്കുയരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു’ സമീപവാസി പറഞ്ഞു.

 ഇന്നലെ ഉച്ചയ്ക്ക് 12 ന് ശേഷമായിരുന്നു താഴത്തെ നിലയില്‍ തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്.

സംഭവമറിഞ്ഞവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തില്‍പ്പെട്ടുപോയിട്ടുണ്ടോ എന്നറിയാന്‍ പരിഭ്രാന്തിയോടെ പലരെയും ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. വലിയൊരു ശബ്ദമാണ് സംഭവ സ്ഥലത്ത് നിന്ന് ആദ്യം കേട്ടതെന്നും തുടര്‍ന്ന് പരിസരത്തെല്ലാം പുക നിറയുകയായിരുന്നുവെന്നും ഇവിടുത്തെ കടകളില്‍ ജോലി ചെയ്യുന്നവരും പറഞ്ഞു.

റമദാനില്‍ സുബ്ഹിക്കു ശേഷം ഉറങ്ങി ഉച്ചക്ക് ഒരുമണിയോടെ സജീവമാവുകയെന്നതാണ് ഇവിടുത്തെ പതിവ്. അലാറം വെച്ച് കിടക്കും. ശബ്ദം കേട്ടപ്പോള്‍ ഉറക്കത്തില്‍ അലാറമാണെന്ന് കരുതി. ഉടന്‍ തന്നെ അല്ലെന്ന് മനസ്സിലായി. പിന്നെ എന്തോ കത്തുന്നതിന്റെ മണം അനുഭവപ്പെട്ടു. പൊട്ടിത്തെറി കേട്ടു. ഞങ്ങളുടെ റൂമുകളിലേക്കും പുകയെത്തിത്തുടങ്ങി’ തീപിടുത്തമുണ്ടായതിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ഒരാള്‍ പറഞ്ഞു. ഒന്നും രണ്ടും മൂന്നും നിലകളിലുള്ളവര്‍ സ്റ്റെയര്‍ വഴിയും മറ്റും രക്ഷപ്പെട്ടു. എന്നാല്‍ കനത്ത പുക മൂലം ഒന്നും കാണാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു നാലാം നിലയിലുള്ളവര്‍- അവര്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് 12.35ഓടെയാണ് തീപിടുത്തമുണ്ടായത്. മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതില്‍ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറി. ദുബായിലെ ഡ്രീംലൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരും രണ്ട് തമിഴ് നാട് സ്വദേശികളുമാണ് മരിച്ച ഇന്ത്യക്കാര്‍. തീ പിടിത്തമുണ്ടായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരാണ് തമിഴ് നാട് സ്വദേശികള്‍ എന്നാണ് വിവരം. പാക്കിസ്ഥാന്‍, നൈജീരിയ, സുഡാന്‍ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍.

Previous Post Next Post
WhatsApp