ശിഹാബ് ചോറ്റൂർ ഇറാഖിൽ; കർബല ഉൾപ്പെടെ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ച് ഹജ്ജ് യാത്ര പുരോഗമിക്കുന്നു
ബഗ്ദാദ് - കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂർ പാകിസ്താന് പിന്നാലെ ഇറാനും കഴിഞ്ഞ് ഇറാഖിലെത്തി. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ ഇന്നലെയാണ് എത്തിയതെന്ന് ശിഹാബ് യൂ ട്യൂബ് ചാനലിലൂടെ അറിയിച്ചു. കടുത്ത ശൈത്യത്തിൽ ഒരുമാസത്തോളം നീണ്ട ഇറാൻ യാത്രയ്ക്കു ശേഷം യാതൊരു പ്രയാസവുമില്ലാതെയാണ് ഇറാഖിലെത്തിയിട്ടുള്ളത്.
ഇറാഖിലെ ചരിത്രപ്രധാന കേന്ദ്രങ്ങളായ കർബല, നജഫ്, ബസറ അടക്കം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കുവൈത്തിലേക്ക് പോവുമെന്ന് ശിഹാബ് പറഞ്ഞു. ഇറാഖിൽ 18-20 ദിവസം നടക്കാനുണ്ടാകുമെന്നാണ് ശിഹാബിന്റെ കണക്കുകൂട്ടൽ. അതു കഴിഞ്ഞാൽ നേരെ കുവൈത്തിലേക്ക് പ്രവേശിക്കും. തുടർന്ന് സൗദി അറേബ്യയിൽ പ്രവേശിച്ച് 2023-ലെ ഹജ്ജിനുള്ള അപേക്ഷ നൽകി വിശുദ്ധ മക്കയിലെത്തി പുണ്യകർമം നിർവഹിക്കാൻ സാധിക്കുമെന്നാണ് ശിഹാബിന്റെ പ്രതീക്ഷ. അതിനുള്ള പ്രാർത്ഥനയിലാണ് ശിഹാബിനെ സ്‌നേഹിക്കുന്നവരും പിന്തുണയ്ക്കുന്നവരുമെല്ലാം.
2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ തന്റെ വീട്ടിൽനിന്നും ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്തംബറിൽ ഇന്ത്യാ-പാക് അതിർത്തിയായ വാഗയിലെത്തിയ ശിഹാബിന് നാലുമാസത്തോളം അവിടെ യാത്ര തടസ്സപ്പെട്ടിരുന്നു. തുടർന്ന് പഞ്ചാബിലെ ആഫിയ സ്‌കൂളിൽ കഴിഞ്ഞ ശിഹാബ്, പിന്നീട് പാക് അധികൃതർ അനുവദിച്ച ട്രാൻസിറ്റ് വിസയിൽ പാകിസ്താനിൽ പ്രവേശിക്കുകയും കാൽനട യാത്ര പുനരാരംഭിക്കുകയുമുണ്ടായി. നിർദ്ദിഷ്ട ദിവസം അവസാനിക്കാനിരിക്കെ സുരക്ഷാ നടപടികളുടെ ഭാഗമായി യാത്ര പിന്നീട് വിമാനത്തിലാക്കി ശിഹാബ് ഇറാനിലെത്തുകയായിരുന്നു. തെഹ്‌റാനിൽനിന്ന് വീണ്ടും കാൽനടയാത്ര തുടർന്നാണിപ്പോൾ ചരിത്രപ്രസിദ്ധമായ ഇറാഖിലെത്തിയിട്ടുള്ളത്. ഇനി ഇറാഖും കുവൈത്തും കൂടി പിന്നിട്ടാൽ 8640 കിലോമീറ്റർ ദൂരം പൂർത്തീകരിച്ച് സൗദിയിലെത്തി കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച രീതിയിൽതന്നെ പൂർത്തീകരിക്കാനാകുമെന്നാണ് ഈ ചെറുപ്പക്കാരന്റെ പ്രതീക്ഷ.