കോഴിക്കോട്ട് വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ ബസ് കണ്ടക്ടറുടെ മൃതദേഹം ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ
കോഴിക്കോട് - സ്വകാര്യബസ് കണ്ടക്ടറായ യുവാവിന്റെ മൃതദേഹം നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. മാങ്കാവ് വാരിയത്ത് വീട്ടിൽ ജിശാന്ത് എന്ന (കുട്ടൻ-32)ന്റെ മൃതദേഹമാണ് കല്ലായി ആനിഹാൾ റോഡ് ജംഗ്ഷനു സമീപമുള്ള കിണറ്റിൽ കണ്ടെത്തിയത്.
മാറാട് കോയവളപ്പിലെ സുഹൃത്തിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്ത ശേഷം ഞായാറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലേക്ക് വന്നതായിരുന്നു ജിശാന്ത്. വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്ന് തിങ്കളാഴ്ച ബന്ധുക്കൾ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ജിഷാന്ത് ഉപയോഗിക്കുന്ന ബൈക്ക് ആനിഹാൾ റോഡിനു സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ആളൊഴിഞ്ഞ കെട്ടിട വളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും ശരീരത്തോട് ചേർന്ന് ഒരു കയർ കണ്ടതായും ടൗൺ പോലീസ് പറഞ്ഞു. പണവും മൊബൈൽ ഫോണുമൊന്നും നഷ്ടമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി ടൗൺ പോലീസ് പറഞ്ഞു.
ശശികുമാർ-ജയശ്രീ ദമ്പതികളുടെ മകനാണ് ജിശാന്ത്. ഭാര്യ: സുജിത. മക്കൾ: വാമിഗ, വൈഗ. സഹോദരങ്ങൾ: ജിനീഷ്, പരേതനായ ജിജിത്ത്.