പമ്പാ നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായ മൂന്നാമത്തെ യുവാവിന്റേയും മൃതദേഹം കണ്ടെത്തി


പത്തനംതിട്ട | പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട എബിൻ മാത്യുവിന്റെ(24) മൃതദേഹം കണ്ടെത്തി. സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. 

ഇതിൽ സഹോദരങ്ങളായ മെറിൻ(18), മെഫിൻ(15) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. എബിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് 30 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

മാരാമണ്‍ കണ്‍വെൻഷനെത്തിയവരായിരുന്നു ഇവർ. എട്ടംഗസംഘമാണ് ചെട്ടികുളങ്ങരയിൽനിന്ന് മോട്ടോർ സൈക്കിളിൽ മാരാമൺ കൺവെൻഷനെത്തിയത്. 

കൺവെൻഷന്റെ ഭാഗമായി യുവവേദി നടത്തിയ ബൈക്കു റാലിക്കുശേഷമാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇതിനിടെ മെഫിൻ നദിയുടെ മധ്യഭാഗത്തേക്കു നീങ്ങുമ്പോൾ കയത്തിൽ താഴ്‌ന്നുപോയി.

കണ്ടുനിന്ന മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്കു ചാടിയെങ്കിലും അവരും കയത്തിലകപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മൂവരും മുങ്ങിപ്പോവുകയായിരുന്നു.

കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മെറിന്റെയും മെഫിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. മെഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി അടുത്തുള്ള മോർച്ചറിയിലേക്ക് മാറ്റി. മെറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. എബിന്റെ മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തും.

ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോമോളുടെയും മക്കളാണ് മെഫിനും മെറിനും.

ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്‌ലിയുടെയും മകനാണ് എബിൻ മാത്യു(സോനു).


 

Previous Post Next Post
WhatsApp