ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ് വീണ്ടും, സോണിയ വിരമിക്കില്ല


ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ് വീണ്ടും, സോണിയ വിരമിക്കില്ല


റായ്പൂർ- കോൺഗ്രസ് പ്രവർത്തകരെ ഊർജസ്വലമായി നിലനിർത്തുന്നതിനും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും 
പാർട്ടിയുടെ ഭാരത് ജോഡോ യാത്ര വീണ്ടും. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ കോൺഗ്രസ് പ്ലീനറിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായി, ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറിലേക്കായിരിക്കും ജാഥ സംഘടിപ്പിക്കുക. പുതിയ യാത്ര പരിഗണനയിലാണെന്നും ഇതുവരെ രൂപമോ തിയതിയോ സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സോണിയാ ഗാന്ധി വിരമിക്കുന്നത്  സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കി.



 
സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത് സംബന്ധിച്ച്  സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഭാരത് ജോഡോ യാത്ര പാർട്ടിയുടെ വളർച്ചയിൽ നിർണായക വഴിത്തിരിവാണെന്നും ഈ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നുമായിരുന്നു സോണിയ വ്യക്തമാക്കിയത്. ഛത്തീസ്ഗഢിലെ റായ്പുരിൽ കോൺഗ്രസ് പ്ലീനറി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സോണിയ ഇക്കാര്യം പറഞ്ഞത്. 

സോണിയയുടെ വാക്കുകൾ:
എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം, ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്നതാണ്. ഭാരത് ജോഡോ യാത്ര വലിയൊരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് യാത്രയിലൂടെ തെളിഞ്ഞു. കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അവർക്കുവേണ്ടി പോരാടാൻ തയാറാണെന്നും ഇത് നമുക്ക് കാണിച്ചുതന്നു. യാത്രക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരേയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ. രാഹുലിന്റെ നിശ്ചയദാർഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തിൽ ഏറെ നിർണായകമായത് -സോണിയ പറഞ്ഞു.

കോൺഗ്രസിനും രാജ്യത്തിനും വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി-ആർ.എസ്.എസും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് അട്ടിമറിക്കുകയാണ്. എതിർശബ്ദങ്ങളെ അവർ നിശബ്ദമാക്കി. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശമുണ്ടാക്കി. രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചുവെന്നും സോണിയ വിമർശിച്ചു. പാർട്ടി ഇന്നു നേരിടുന്ന സാഹചര്യം താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് പറഞ്ഞ സോണിയ നിർണായക സമയത്ത് ഓരോരുത്തരും പാർട്ടിയോടും രാജ്യത്തോടും പ്രത്യേക ഉത്തരവാദിത്തം നിർവഹിക്കണമെന്നും ആവശ്യപ്പെട്ടു.


Previous Post Next Post
WhatsApp