സിദ്ദീഖ് കാപ്പനെതിരേ കുറ്റം ചുമത്തിയ എന്‍.ഐ.എ കോടതി നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: യു.എ.പി.എ കേസില്‍ സിദ്ദീഖ് കാപ്പനെതിരേ കുറ്റം ചുമത്തിയ എന്‍.ഐ.എ കോടതി നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കി. കുറ്റം ചുമത്തും മുമ്പ്, തനിക്കെതിരായ കുറ്റാരോപണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിദ്ദീഖ് കാപ്പന്റെ ഹരജിയില്‍ വാദംകേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജഡ്ജി ശ്രീപ്രകാശ് സിങ് എന്‍.ഐ.എ കോടതിക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ 19നാണ് കോടതി സിദ്ദീഖ് കാപ്പനെതിരേ കുറ്റം ചുമത്തിയത്. എന്നാല്‍, കുറ്റം റദ്ദാക്കണമെന്ന കാപ്പന്റെ ഹരജിയില്‍ കോടതി വാദം കേട്ട് തീരുമാനമെടുത്തിരുന്നില്ല.
ഈ മാസം 27ന് ബന്ധപ്പെട്ട കക്ഷികള്‍ കോടതിയില്‍ ഹാജരാകണം. തുടര്‍ന്ന് കാപ്പന്റെ ഹരജിയില്‍ കോടതി തീരുമാനമെടുക്കണം. കേസ് നീട്ടിവയ്ക്കാന്‍ ആരും ആവശ്യപ്പെടരുതെന്നും ഹൈക്കോടതി വിധിച്ചു. 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പന്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം ഹാത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലാകുന്നത്. കാപ്പനെതിരേ ചുമത്തിയ യു.എ.പി.എ കേസില്‍ സുപ്രിംകോടതിയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു.