പാലക്കാട്ട് ജനവാസ മേഖലയില്‍  ഭീതിപരത്തിയ ആനയെ മയക്കുവെടിവച്ചു  

പാലക്കാട്ട് ജനവാസ മേഖലയില്‍  ഭീതിപരത്തിയ ആനയെ മയക്കുവെടിവച്ചു  

പാലക്കാട്- ധോണിയിലെ ജനവാസമേഖലയില്‍ ഭീതിപരത്തിയ പിടി സെവനെ മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് മയക്കുവെടിവെച്ചത്. ധോണിയിലെ കോര്‍മ എന്ന സ്ഥലത്താണ് ആനയെ കണ്ടെത്തിയത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാനെ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. 75 അംഗ ദൗത്യ സംഘമാണ് കാട്ടാനയെ പിടികൂടിയത്.
പിടി സെവനെ ധോണിയിലെ കൂട്ടിലെത്തിക്കും. ആനയെ കൂട്ടിലെത്തിക്കാനായി മൂന്ന് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയാണ് എത്തിച്ചിരിക്കുന്നത്. ഇന്നലെ മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പിടി സെവന്‍ ചെങ്കുത്തായ മലയിടുക്കില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ ആനയാണ് പിടി സെവന്‍. 2022 ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ, നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. മയക്കുവെടിവച്ച് ആനയെ പിടികൂടാന്‍ മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനം എടുത്തിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ വീണ്ടും തീരുമാനിച്ചത്.
Previous Post Next Post