ഓരോ 44 സെക്കൻഡിലും കോവിഡ് മരണങ്ങൾ, ഈ വൈറസ് അത്ര എളുപ്പത്തിൽ വിട്ടുപോവില്ല-ലോകാരോ​ഗ്യസംഘടന


ജനീവ: കോവിഡ് കേസുകളുടെ എണ്ണത്തിൽ ആ​ഗോളതലത്തിൽ കുറവു രേഖപ്പെടുത്തിയതോടെ ലോകം വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്നും ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവി‍ഡ് മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.

ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ‍ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ടെഡ്രോസ് പറയുന്നു.കോവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആ​ഗോളതലത്തിൽ ഇടിവ് തുടരുന്നുണ്ട്. അതു വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ അപ്പോഴും കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻ‍ഡിലും കോവിഡ് മൂലം മരണങ്ങൾ സംഭവിക്കുന്നുണ്ട്- അദ്ദേഹം പറയുന്നു.
എന്നാൽ ആ മരണങ്ങളിലേറെയും ഒഴിവാക്കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് താൻ കൂടെക്കൂടെ പറയുന്നത് പലർക്കും മടുക്കുന്നുണ്ടാവും. പക്ഷേ അതവസാനിക്കും വരെ താൻ പറഞ്ഞുകൊണ്ടേയിരിക്കും. ഈ വൈറസ് അത്ര എളുപ്പത്തിൽ വിട്ടുപോവില്ല- ടെഡ്രോസ് അഥനോം പറയുന്നു.

വൈറസ് വ്യാപനം തടയുന്നതിനും മരണങ്ങൾ ചെറുക്കുന്നതിനുമായി എല്ലാ സർക്കാരുകളും സ്വീകരിക്കേണ്ട നയങ്ങൾ അടുത്തയാഴ്ച്ചയോടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റുകൾ, വാക്സിനേഷൻ, വൈറസ് പ്രതിരോധം, നിയന്ത്രണം, അപകടസാധ്യതകൾ തുടങ്ങിയവയായിരിക്കും ഇവയിൽ പ്രതിപാദിക്കുക. ഓരോ രാജ്യങ്ങളും ഈ നയങ്ങൾ പ്രകാരം അവരുടെ നടപടികൾ പുനരവലോകനം ചെയ്യുമെന്നും വൈറസ് വ്യാപനം തടയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്ന് കഴിഞ്ഞയാഴ്ച്ച ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയിരുന്നു.തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: one person dying every 44 seconds due to covid who chief
Previous Post Next Post
WhatsApp