ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നു;സി ഇ ടി ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ഇരുപ്പിടം മുറിച്ചു മാറ്റി സദാചാര വാദികള്‍


 _ആധുനിക സൗകര്യത്തോടു കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു കൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ_

_വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യവുമായി വിടി ബല്‍റാമും ശബരീനാഥനും രംഗത്ത്‌_


തിരുവനന്തപുരം | ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബെഞ്ചു വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.



നിലവിലെ ഷെഡ് അനധികൃതമായി നിർമിച്ചതാണ്. അത് പൊളിച്ച് ആധുനിക സൗകര്യത്തോടു കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു കൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കും.

ബെഞ്ച് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് വിവാദമായ തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപത്തെ ബസ് സ്റ്റാൻഡ് സന്ദർശിക്കവെയാണ് മേയറുടെ പരാമർശം.

ബെഞ്ച് പൊളിച്ചു മാറ്റിയതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ കുറിച്ചും ആര്യ പരാമർശിച്ചു. ‘വിദ്യാർഥികൾ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മൾ മനസ്സിലാക്കണം.



അവർ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാൻഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു എന്നു പറയുന്നത് തെറ്റായ നടപടിയാണ്. അതിൽ പ്രതികരിക്കാൻ തീരുമാനിച്ചതിൽ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിക്കുന്നു.’– ആര്യ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യവുമായി വിടി ബല്‍റാമും ശബരീനാഥനും രംഗത്ത്‌

ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ എം.എൽ.എ വി.ടി ബൽറാം. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചിലർ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിന് മറുപടിയായി വെയ്റ്റിംഗ് ഷെഡിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ”. ‍- വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

” CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. – ശബരീനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചുകളിൽ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നതും പ്രമുഖർ സമൂഹമാധ്യമങ്ങൾ വഴി പിന്തുണയുമായെത്തുന്നതും.

Previous Post Next Post
WhatsApp