യു.കെ, യു.എസ് വിസകൾ ഉണ്ടായിട്ടും മലയാളി ഡോക്ടറെ വിമാനത്താവളത്തിൽനിന്ന് മടക്കി
ജിദ്ദ- യു.എസ്, യു.കെ, ഷെങ്കൻ വിസകൾ ഉള്ളവർക്ക് സൗദിയിൽ ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഓൺ അറൈവൽ വിസ ആനുകൂല്യം അനുവദിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നില്ലെന്നാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം.
യു.കെയിൽ ഉപരിപഠനം നടത്തുന്ന മലയാളിയായ യുവ ഡോക്ടർക്ക് ഇക്കാരണത്തിൽ കഴിഞ്ഞ ദിവസം സൗദിയിലേക്കുള്ള യാത്ര മുടങ്ങി. ജിദ്ദയിലേക്ക് വരാനായി സൗദി അറേബ്യൻ എയർലൈൻസിന്റെ ടിക്കറ്റുമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ എത്തിയ ഡോക്ടറെ ഓൺ അറൈവൽ വിസ കിട്ടില്ലെന്ന് വിമാനത്താവളത്തിലെ സൗദിയ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
ഇതേതുടർന്ന് ഇദ്ദേഹത്തിന് യാത്ര റദ്ദാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു. കുട്ടിക്കാലം മുതൽ സൗദി അറേബ്യയിൽ പഠിച്ചു വളർന്ന, പ്ലസ് ടു വരെ ജിദ്ദയിലെ സ്‌കൂളുകളിൽ പഠിച്ച ഇദ്ദേഹത്തിന്റെ, മാതാപിതാക്കൾ ഇപ്പോൾ കാനഡയിലാണ്. കേരളത്തിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം ഇപ്പോൾ യു.കെയിൽ പി.ജിക്ക് പഠിക്കുന്ന ഇദ്ദേഹം ഉംറ ചെയ്യുന്നതിനും, പഴയ സുഹൃത്തുക്കളെ കാണുന്നതിനും, സൗദിയിൽ പെരുന്നാൾ ആഘോഷിക്കുന്നതിനുമൊക്കെയാണ് അഞ്ച് ദിവസത്തെ അവധിക്ക് ഇവിടേക്ക് വരാൻ തീരുമാനിച്ചത്.
യു.കെക്കു പുറമെ, യു.എസ്, കാനഡ വിസകളും ഇദ്ദേഹത്തിനുണ്ട്. യു.എസ്, യു.കെ, ഷെങ്കൻ വിസകൾ ഉള്ളവർക്ക് സൗദി അറേബ്യയിൽ ഓൺ അറൈവൽ വിസ ലഭിക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് ഇദ്ദേഹം യാത്രയ്ക്ക് തയാറായത്. ഓൺലൈനായി ടിക്കറ്റ് എടുക്കുന്നതിനു മുമ്പ് യു.കെയിലെ സൗദിയ ഓഫീസിൽ വിളിച്ച് തനിക്ക് ഓൺ അറൈവൽ വിസ കിട്ടുമെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നതാണ്. നേരത്തെ വിസ എടുക്കേണ്ടതില്ലെന്നും സൗദിയിൽ എത്തുമ്പോൾ വിസ കിട്ടാൻ തടസ്സമുണ്ടാകില്ലെന്നുമാണ് അവർ അറിയിച്ചത്. ഇതനുസരിച്ച് മാഞ്ചസ്റ്ററിൽ നിന്ന് ജിദ്ദയിലേക്കും, തിരികെ മദീനയിൽ നിന്നുമുള്ള ടിക്കറ്റ് എടുക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം യാത്രയ്ക്കായി മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തനിക്ക് ഓൺ അറൈവൽ വിസ കിട്ടില്ലെന്ന് ഇദ്ദേഹം അറിയുന്നത്.
യു.കെ, യു.എസ് വിസകൾ ഉണ്ടെങ്കിലും ഇന്ത്യൻ പാസ്‌പോർട്ടുകാർക്ക് ഓൺ അറൈവൽ വിസ ലഭിക്കില്ലെന്ന് വിമാനത്താവളത്തിലെ ബോർഡിംഗ് കൗണ്ടറിലുള്ള സൗദിയ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഓൺ അറൈവൽ വിസ എലിജിബിലിറ്റി പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ലെന്നായിരുന്നു ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥൻ പറഞ്ഞത്. തുടർന്ന് ഇദ്ദേഹം നേരത്തെ അന്വേഷിച്ച സൗദിയ ഓഫീസിലേക്ക് വിളിച്ചു നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
മറ്റു മാർഗമില്ലാതെ ഇദ്ദേഹത്തിന് യാത്ര റദ്ദാക്കി തിരികെ പോകേണ്ടി വന്നു. ടിക്കറ്റ് റദ്ദാക്കിയ ഇദ്ദേഹം സംഭവത്തെ കുറിച്ച് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.