റിയാദ്- ഹിജ്‌റ മാസാവസാനത്തില്‍ മാസപ്പിറവി ദര്‍ശനത്തിന് തുമൈറുകാര്‍ കുന്ന് കയാറാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. ഇവിടുത്തെ പ്രധാന മാസപ്പിറവി നിരീക്ഷകനായ മിത്അബ് അല്‍ബര്‍ഗശിന്റെ പിതാമഹനാണ് തുമൈറില്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രം തുടങ്ങിയത്. ഇന്നും എല്ലാ ഹിജ്‌രി മാസവസാനവും ഇവിടെയാണ് തുമൈറുകാര്‍ മാസപ്പിറവി ദര്‍ശിക്കാനെത്തുന്നത്.
നിരീക്ഷണ കേന്ദ്രത്തിന്റെ പടിഞ്ഞാര്‍ ഭാഗത്തിരുന്നാണ് ഇവര്‍ ചന്ദ്രനെ നിരീക്ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 658 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. പ്രദേശത്തെ നിരീക്ഷകരും അംഗീകൃത നിരീക്ഷണ സമിതി അംഗങ്ങളും കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സിറ്റിയിലെയും നീതിന്യായ മന്ത്രാലയത്തിലെയും പ്രതിനിധികളും ഇവിടെ മാസപ്പിറവി കാണാനെത്തും. ഇവര്‍ക്കൊപ്പം ഒരു ജഡ്ജിയുമുണ്ടാകും.
തുമൈറില്‍ പുതിയ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് ഏഴ് വര്‍ഷം മുമ്പാണ്. പൊടിക്കാറ്റ് അടിച്ചു വീശാന്‍ സാധ്യത കുറവുള്ള പാറപ്പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും മാസപ്പിറവി ഇവിടെ നിന്ന് ദര്‍ശിക്കാനാകും.
മാസപ്പിറവി നിരീക്ഷണത്തിന് കാലാവസ്ഥ അനുകൂലമാണെന്നും എങ്കിലും മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും ബര്‍ഗശ് പറഞ്ഞു. ചന്ദ്രന്‍ സൂര്യന് മുമ്പേ അസ്തമിക്കുമെന്നും മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്നും മജ്മ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അബ്ദുല്ല അല്‍ഖുളൈരി പറഞ്ഞു.