നടന്‍ മമ്മൂട്ടിക്ക് കൊവിഡ്; സി ബി ഐ-5 സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

 കൊച്ചി | നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു താരം. നേരിയ ലക്ഷണങ്ങളുള്ളതിനാല്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. രാജ്യത്ത് കൊവിഡ് രോഗം വ്യാപക്കുകയാണ്. ഒമൈക്രോണും വ്യാപിക്കുന്നുണ്ട്. സിനിമാ രംഗത്തുള്ള നിരവധി പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. സത്യരാജ്, കമല്‍ഹാസന്‍, മീന, ഖുശ്ബു, തൃഷ എന്നിവര്‍ക്കെല്ലാം അടുത്തിടെ രോഗം ബാധിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു.

സിനിമാ മേഖലയിലെ ഒട്ടേറെ പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നടിമാരായ തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍, തെലുങ്ക് നടന്‍ മഹേഷ് ബാബു എന്നിവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചിരുന്നു. തൃഷയ്ക്ക് നിലവില്‍ രോഗം ഭേദമായിട്ടുണ്ട്. നടി മീനയ്ക്ക് പുതുവര്‍ഷ ദിനത്തിലാണ് രോഗം ബാധിച്ചത്. അവര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ബോളിവുഡ് നടി സ്വര ഭാസ്‌കറിന് കൊവിഡ് സ്ഥിരീകരിച്ച കാര്യം നടി വെളിപ്പെടുത്തിയിരുന്നു. പ്രിയദര്‍ശന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

ഭീഷ്മപര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. അടുത്ത മാസം 24ന് ചിത്രം റിലീസ് ചെയ്യും. പുഴു, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. പുഴുവില്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും അഭിനയിക്കുന്നുണ്ട്. നടന്‍ സത്യരാജിന് കൊവിഡ് ബാധിച്ച്‌ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. രോഗമുക്തനായി അദ്ദേഹം ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസമാണ്.


മമ്മൂട്ടിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ജലദോഷമുണ്ടായിരുന്നു. മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ല. അതുകൊണ്ടുതന്നെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. ഇതിന് മുമ്ബിറങ്ങിയ സിബിഐ നാല് പതിപ്പുകളും വന്‍ ഹിറ്റായിരുന്നു. ഒരു സിബിഐ ഡയറിക്കുറുപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയായിരുന്നു ആദ്യ നാല് ഭാഗങ്ങള്‍. ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും മൂന്ന് പതിറ്റാണ്ടിനിടെ അഞ്ച് ഭാഗങ്ങളില്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിബിഐ അഞ്ചാം പതിപ്പിനുണ്ട്.


Previous Post Next Post
WhatsApp