കോഴിക്കോട് | വഗഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മിഷനു വിട്ടതിൽ പ്രതിഷേധിച്ചു മുസ്‍ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്ക് അണിനിരന്നത് വൻജനക്കൂട്ടം. ജനക്കൂട്ടത്തിന്റെ ആകാശദൃശ്യങ്ങൾ അടക്കം പങ്കുവച്ച് ലീഗ് നേതാക്കൾ രംഗത്തെത്തി. കോഴിക്കോട് കടപ്പുറത്ത് വലിയ ജനസാഗരത്തെ സാക്ഷിയാക്കിയാണ് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. ലീഗ് തമിഴ്നാട് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനുമായ എം.അബ്ദുറഹ്മാൻ മുഖ്യാതിഥിയായി പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് ഈ ജനസാഗരമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ.മുനീര്‍ പറഞ്ഞു. തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് പിണറായി ഓര്‍ക്കണം. വാലു ചുരുട്ടി ഒരു മാളത്തിലും പോയി ഒളിക്കാന്‍ ലീഗ് നിങ്ങളുടെ ഊരമേല്‍ കൂര കെട്ടി താമസിക്കുന്നവരല്ല– മുനീര്‍ തുറന്നടിച്ചു.
ഇടതുഭരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നീതി ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. വഖഫ് നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടതാണ് ഏറ്റവും ഒടുവിലുണ്ടായ നീതിനിഷേധം. ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടു പോകുന്നതെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
മുസ്‌ലിം ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല- പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മുസ്‌ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'വഖഫ് നിയമനം; ഇടത് ഗൂഢാലോചനയ്ക്കെതിരെ' മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
'വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞപ്പോൾ പലരും അതിൽ ഊന്നി വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അത് ഒഴിവാക്കി, വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.