ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ഇന്ന് ആരംഭിക്കുന്നു; ട്രെയിൻ നിയന്ത്രിക്കാൻ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളിയായ നിഷാദും!


എത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ഇന്ന് ആരംഭിക്കും; ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്

ഓൺലൈൻ ഡെസ്ക് | 30-06-2026

അബുദാബി: യു.എ.ഇ കാത്തിരുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ ആദ്യ യാത്രാ സർവീസ് ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് പുറപ്പെടുമെന്ന് എത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫുജൈറയിൽ നിന്ന് ആരംഭിച്ച് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ എത്തിച്ചേരും. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക. എത്തിഹാദ് റെയിൽ ശൃംഖല പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ ഓരോ ട്രെയിനിലും ഒരേസമയം 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകും.

ഘട്ടങ്ങളായാണ് യാത്രാ സർവീസുകൾ വിപുലീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ ദുബായ്, അൽ ദൈദ് (സെപ്റ്റംബർ 30), അൽ ദഫ്ര (ഡിസംബർ 30) എന്നീ സ്റ്റേഷനുകളും, തുടർന്ന് 2027 മാർച്ച് 30-ഓടെ ഷാർജയും ഈ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് എമിറാത് അൽ യൗം റിപ്പോർട്ട് ചെയ്തു. എത്തിഹാദ് റെയിലിന്റെ എല്ലാ സ്റ്റേഷനുകളും അത്യാധുനിക രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ വഴി മനസ്സിലാക്കാനുള്ള സൈൻ ബോർഡുകൾ, ഹെൽപ്പ് ഡെസ്ക് ടീമുകൾ, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, പാർക്കിംഗ് ഏരിയകൾ എന്നിവയെല്ലാം സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

ഇത്തിഹാദ് റെയിലിലെ ക്യാപ്റ്റനായി മലയാളിയായ നിഷാദ്

ഫുജൈറയിൽനിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകൾ ചൂളംവിളിച്ചു പായുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇതൊരു അഭിമാന നിമിഷമാണ്. യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്നവരിൽ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവുമായി മലയാളിയായ നിഷാദുമുണ്ടാകും. ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജരാണ് ഈ 29-കാരനായ ആലപ്പുഴ സ്വദേശി.

ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2014-ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇ.യിലെത്തിയത്. ഒരു സ്ഥാപനത്തിൽ കാഷ്യറായിട്ടാണ് പ്രവാസജീവിതം ആരംഭിച്ചത്. പിന്നീട് പെർഫ്യൂമുകൾ വിറ്റും ഹോട്ട്‌ഡോഗ് സാൻഡ്വിച്ചുകൾ തയ്യാറാക്കിയും ഹോംഡെലിവറി സേവനങ്ങൾ നൽകിയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയി. മാതാപിതാക്കളായ നൗഷാദും ഷീബയും ഉറച്ച പിന്തുണയും നൽകി. തീരെ ചെറുതെന്നു തോന്നുന്ന ഈ ജോലികളാണ് തന്നിൽ അച്ചടക്കം, ക്ഷമ, വിനയം, ലക്ഷ്യബോധം എന്നിവ സൃഷ്ടിച്ചതെന്ന് നിഷാദ് പറയുന്നു.

2017-ൽ മോണോ റെയിലിലൂടെയാണ് അദ്ദേഹം റെയിൽ ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ജീവിതം ഒരു കരക്കെത്തിയെന്ന് സമാധാനിച്ചിരുന്നപ്പോഴേക്കും അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നു. എന്നാൽ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോയ നിഷാദ്, ദുബായ് ട്രാമിന്റെയും മെട്രോയുടെയും പ്രവർത്തനങ്ങളിൽനിന്ന് റെയിൽമേഖലയ്ക്ക് അനുയോജ്യമായി കഴിവുകൾ വികസിപ്പിച്ചു. പ്രവർത്തന മികവിലൂടെ കീ ഇൻസ്ട്രക്ടർ ആൻഡ് അസссер പദവികളിലൂടെ തൊഴിലിലെ ഉത്തരവാദിത്വം വർധിച്ചു. അത് തൊഴിൽജീവിതത്തിലെ നിർണായക നാഴികക്കല്ലായി മാറി. അതിനുശേഷം 2023-ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് ടീം ലീഡറായി ചേരുകയും അധികം വൈകാതെ സ്ഥാനക്കയറ്റം ലഭിച്ച് സീനിയർ ടീം ലീഡറാവുകയും ചെയ്തു.

എന്നാൽ ഇത്തിഹാദ് റെയിലിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. 2020-ൽ ട്രെയിൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും ഇ-മെയിൽ വിലാസത്തിലെ പിഴവു കാരണം വഴിമുട്ടി. പരാജയപ്പെട്ടു പിന്മാറാൻ തയ്യാറല്ലാത്തതിനാൽ വീണ്ടും അപേക്ഷിച്ചു. 2022-ഓടെ പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം വിജയകരമായി പൂർത്തിയാക്കി. 2024-ൽ ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ പദവി സ്വന്തമാക്കി. കഴിഞ്ഞ വർഷം ട്രെയിൻ ഓപ്പറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടർ, അസസ്സർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹിബ ഗഫൂറാണ് നിഷാദിന്റെ ഭാര്യ. മകൻ: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിൻഷാദാണ് സഹോദരൻ. സഹോദരി: നസ്ലി.


English Summary: Etihad Rail has officially launched its first passenger rail service today from Fujairah to Abu Dhabi, covering the distance in 1 hour and 45 minutes at a speed of 200 km/h. Adding to the pride of the global Malayali community, 29-year-old Nishad from Alappuzha, Kerala, has become the first Indian Train Captain to command Etihad Rail's high-speed passenger trains after overcoming numerous hardships in his career journey.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp