ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; 50 വിദ്യാലയങ്ങൾ മാതൃകാ സ്‌കൂളുകളാക്കും: മന്ത്രി കെ.എം.ഷാജി

ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; 50 വിദ്യാലയങ്ങൾ മാതൃകാ സ്‌കൂളുകളാക്കും: മന്ത്രി കെ.എം.ഷാജി

ഓൺലൈൻ ഡെസ്ക് | 06-06-2026

മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി പ്രഖ്യാപിച്ചു. ഇതിനൊപ്പം സംസ്ഥാനത്തെ 50 ബഡ്‌സ് സ്‌കൂളുകളെ അത്യാധുനിക സൗകര്യങ്ങളോടെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേങ്ങര എ.ആര്‍.നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് നടന്ന ബഡ്‌സ് സ്‌കൂള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഡ്‌സ് സ്‌കൂളിലെ കുട്ടികളെ താമസിപ്പിക്കാനും അവരെ കൃത്യമായി പരിപാലിക്കാനുമുളള വിപുലമായ സര്‍ക്കാര്‍ പദ്ധതികള്‍ ആലോചനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള ബഡ്‌സ് സ്‌കൂള്‍ സംവിധാനങ്ങളും പദ്ധതികളും എത്രമാത്രം കാര്യക്ഷമമാണ്, അവ എങ്ങനെ കൃത്യമായി നടപ്പിലാക്കാം എന്നതിനെക്കുറിച്ച് സമഗ്രമായ ഒരു ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പ്രാധാന്യം എടുത്തുപറഞ്ഞ മന്ത്രി, സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന കൂടുതൽ പദ്ധതികള്‍ തദ്ദേശവകുപ്പ് ആവിഷ്‌ക്കരിക്കുമെന്നും കൂട്ടിച്ചേർത്തു. ബഡ്‌സ് സ്‌കൂളിലെ കുരുന്നുകളുടെ അമ്മമാര്‍ യഥാർത്ഥ ഹീറോകളാണെന്നും, അവരുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള കാര്യങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ക്കും മുതിർന്നവർക്കും പകല്‍സമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, വിവിധ തെറാപ്പികള്‍, പുനരധിവാസം, നൈപുണ്യ വികസന പരിശീലനം എന്നിവയൊരുക്കി തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ മികച്ച രീതിയിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ സംസ്ഥാനത്തുടനീളം 187 ബഡ്‌സ് സ്‌കൂളുകളും 218 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളുമുണ്ട്. ആകെ 13,895 പരിശീലനാര്‍ഥികളാണ് ഈ സ്ഥാപനങ്ങളിൽ ഉള്ളത്.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര നടന്നു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി ബൂട്ട് കെട്ടിയ ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകൾക്ക് മന്ത്രി ചടങ്ങിൽ ഉപഹാരം നല്‍കി ആദരിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൽമാൻ കുറ്റിക്കോട് സെലിബ്രിറ്റി അതിഥിയായി പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


English Summary:

Local Self-Government Department Minister K.M. Shaji announced that an insurance scheme will be introduced for Buds School employees, and 50 Buds Schools across the state will be upgraded to model schools. Inaugurating the state-level Buds School Admission Festival (Praveshanotsavam) at AR Nagar Bliss Buds Special School in Vengara, Malappuram, the Minister also stated that an audit would be conducted to evaluate the efficiency of the existing Buds school systems. He highlighted the role of Kudumbashree in women empowerment and added that welfare measures for the mental health of the mothers of special needs children are under consideration.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp