പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസമന്ത്രിക്ക് നാക്കുപിഴ; ട്രോളുകളുമായി സോഷ്യൽ മീഡിയ!
ഓൺലൈൻ ഡെസ്ക് | 26-05-2026
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കന്മാർക്ക് സംഭവിക്കുന്ന നാക്കുപിഴകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി മാറുന്നത് പുതിയ സംഭവമല്ല. മുൻപ് പല പ്രമുഖ നേതാക്കളും ഇത്തരത്തിൽ ട്രോളന്മാരുടെ ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഈവർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനിടെ പുതിയ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന് സംഭവിച്ച നാക്കുപിഴ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം പറയുന്നതിനിടയിലാണ് മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. 'രണ്ടുലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ' എന്ന് വായിക്കേണ്ട സ്ഥാനത്ത് ‘രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടുപേർ’ എന്ന് മന്ത്രി പറയുകയായിരുന്നു. ഇത്രയും വലിയ സംഖ്യകൾ വായിക്കുമ്പോൾ ആർക്കും സ്വാഭാവികമായി സംഭവിക്കാവുന്ന ചെറിയൊരു പിഴവാണിതെങ്കിലും, ട്രോളന്മാർ ഈ ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫലപ്രഖ്യാപനമാണിത്.
ഈവർഷത്തെ പ്ലസ് ടു പരീക്ഷയിൽ 77.97% പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടിയത്. കഴിഞ്ഞവർഷത്തെ വിജയശതമാനത്തേക്കാൾ (77.81%) 0.16 ശതമാനം അധികമാണിത്. ആകെ പരീക്ഷ എഴുതിയ 4,52,437 വിദ്യാർത്ഥികളിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇത്തവണയും പെൺകുട്ടികളാണ് വിജയത്തിൽ മുന്നിൽ. 86.69 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41% മാത്രമാണ്.
സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും 'നമ്മുടെ കേരളം' ആപ്പിലൂടെയും പരീക്ഷാഫലം ലഭ്യമാണ്. പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് അടുത്തമാസം തന്നെ സേ (SAY) പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകും. കൂടാതെ ജൂൺ പത്തിന് ഒന്നാംവർഷ ഹയർ സെക്കൻഡറി (Plus One) പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.
English Summary: Kerala Education Minister N. Shamsudheen faced social media trolling following a tongue slip during the Plus Two exam results announcement. Instead of reading 2,90,398, the minister misread the numbers. This year's overall pass percentage stands at 77.97% with girls outperforming boys.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838