വയനാട്: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് (SPC) യൂണിഫോം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. വയനാട് പുൽപ്പള്ളി പ്രിയദർശിനി ഉന്നതിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ (53) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസം എസ്.പി.സി കേഡറ്റായ പെൺകുട്ടിയോട് രാജു ജോസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇത് നൽകാൻ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്. അയൽവാസികളായ ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഗുരുതര പരുക്ക്:
മുഖത്തും ശരീരഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും, സ്ഥിതി ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പ്രതി രാജു ജോസിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നെന്ന് പൊലീസ് അറിയിച്ചു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്