തിരൂരങ്ങാടി: പന്താരങ്ങാടിയിലെ മിനി എം.സി.എഫ് (Mini MCF) പരിസരത്ത് കുന്നുകൂടിയിരുന്ന മാലിന്യങ്ങൾ വാർത്തയെത്തുടർന്ന് തിരൂരങ്ങാടി നഗരസഭ നീക്കം ചെയ്തു. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാനായി സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ചും, ഇതിനു സമീപം അറവുമാലിന്യങ്ങൾ ഉൾപ്പെടെ റോഡിൽ ചിതറിക്കിടക്കുന്നതിനെക്കുറിച്ചും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ തന്നെ നഗരസഭാ ജീവനക്കാർ സ്ഥലത്തെത്തി പ്രദേശം വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. നോക്കുകുത്തിയായി മാറിയ എം.സി.എഫ് യൂണിറ്റുകളുടെ കാര്യത്തിലും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്