കാഴ്ചയല്ല, ഉൾക്കാഴ്ചയാണ് കരുത്ത്; തിരൂരങ്ങാടിയിൽ കാഴ്ചപരിമിതരുടെ സ്നേഹസംഗമം ജനുവരി 18-ന്


തിരൂരങ്ങാടി: കാഴ്ചയുടെ ലോകത്തിനപ്പുറം ഉൾക്കാഴ്ചയുടെ കരുത്തുമായി ജീവിക്കുന്നവർക്കായി തിരൂരങ്ങാടിയിൽ സ്നേഹവിരുന്നൊരുങ്ങുന്നു. തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷനും മലപ്പുറം ജില്ലാ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മയും സംയുക്തമായാണ് കാഴ്ചപരിമിതരായ സഹോദരങ്ങൾക്കായി 'സ്നേഹസംഗമം' സംഘടിപ്പിക്കുന്നത്.

​കാഴ്ചകൾക്കപ്പുറം തൊട്ടറിഞ്ഞും കേട്ടറിഞ്ഞും പരസ്പരം മിണ്ടിപ്പറയാനും അവരുടെ സന്തോഷങ്ങളിൽ പങ്കുചേരാനും അവസരമൊരുക്കുകയാണ് ഈ കൂട്ടായ്മ. 2026 ജനുവരി 18 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ (PSMO) കോളേജിന് മുൻവശത്തുള്ള MACT കോളേജിലാണ് പരിപാടി.

ഉദ്ഘാടനവും അതിഥികളും:

സ്നേഹസംഗമം തിരൂരങ്ങാടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സി.പി. ഹബീബ ബഷീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ് വടക്കയിൽ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ അരിമ്പ്ര, ക്ലാരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ സാഹിബ്, 24-ാം ഡിവിഷൻ കൗൺസിലർ ആരിഫ വലിയാട്ട് എന്നിവർ സാന്നിധ്യമറിയിക്കും.

​ഒരു പകൽ മുഴുവൻ അവർക്കൊപ്പം ചിലവഴിക്കാനും കൈപിടിച്ച് കൂടെ നിൽക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp