ശബരിമല: അയ്യപ്പ ഭക്തരായ ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. മകരസംക്രമ സന്ധ്യയിൽ ദീപാരാധന നടന്ന സമയത്ത് പൊന്നമ്പലമേട്ടിൽ ദിവ്യജ്യോതി തെളിഞ്ഞതോടെ സന്നിധാനം ശരണംവിളികളാൽ മുഖരിതമായി.
ദർശനത്തിനായി സന്നിധാനത്ത് പർണശാലകൾ കെട്ടി കാത്തിരുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഇത് നിർവൃതിയുടെ നിമിഷമായി. വൈകിട്ട് 6.20-ഓടെയാണ് ശരംകുത്തിയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് എത്തിയത്. ഘോഷയാത്രയെ ദേവസ്വം മന്ത്രി വി.എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ പി.ഡി സന്തോഷ് കുമാർ, കെ. രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
സോപാനത്ത് വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി എന്നിവർ തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടർന്ന് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി 6.40-ഓടെ ദീപാരാധന നടന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ ഭക്തർ ദർശനപുണ്യം നേടി.
News Desk | Karumbil Live