വിവരങ്ങൾ സൗജന്യമായി നൽകണം; തിരൂരങ്ങാടി നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം
തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിൽ വീഴ്ച വരുത്തിയ തിരൂരങ്ങാടി നഗരസഭയ്ക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥർ നിഷേധിച്ച മുഴുവൻ വിവരങ്ങളും അപേക്ഷകന് സൗജന്യമായി നൽകാൻ സംസ്ഥാന വിവരാകാശ കമ്മീഷണർ ഡോ. ദിലീപ് ഉത്തരവിട്ടു.
സംഭവം ഇങ്ങനെ:
നഗരസഭയിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുപ്രവർത്തകനും ആം ആദ്മി പാർട്ടി മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ നഗരസഭാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ കൃത്യമായ മറുപടിയോ രേഖകളോ നൽകാൻ തയ്യാറായില്ല. ഇതിനെതിരെ അദ്ദേഹം നൽകിയ രണ്ടാം അപ്പീലിലാണ് കമ്മീഷന്റെ നിർണ്ണായക ഇടപെടൽ.
ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:
- ഉത്തരവ് ലഭിച്ച് ഒരാഴ്ചക്കകം ഹർജിക്കാരന് വളരെ വ്യക്തവും കൃത്യവുമായ മുഴുവൻ വിവരങ്ങളും സൗജന്യമായി നൽകണം.
- വിവരങ്ങൾ നൽകിയ ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് കമ്മീഷൻ സെക്രട്ടറി മുൻപാകെ ഹാജരാക്കണം.
- വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നുണ്ടോ എന്ന് പരിശോധിക്കാൻ നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകി.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും കൃത്യമായ വിവരങ്ങൾ നൽകാനും സെക്രട്ടറി നേരിട്ട് ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
News Desk | Karumbil Live