കൗമാര പ്രണയങ്ങൾ പോക്സോ കേസിൽ കുടുങ്ങരുത്; 'റോമിയോ-ജൂലിയറ്റ്' ചട്ടം കൊണ്ടുവരാൻ സുപ്രീം കോടതി നിർദ്ദേശം

കൗമാര പ്രണയങ്ങൾ പോക്സോ കേസിൽ കുടുങ്ങരുത്; 'റോമിയോ-ജൂലിയറ്റ്' ചട്ടം കൊണ്ടുവരാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള കൗമാര പ്രണയബന്ധങ്ങളെ പോക്സോ നിയമത്തിന്റെ കർശന വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ 'റോമിയോ-ജൂലിയറ്റ്' ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

​ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണ്ണായക നിർദ്ദേശം. 18 വയസ്സിന് താഴെയുള്ളവർ തമ്മിലുള്ള ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധങ്ങളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് വേർതിരിച്ചു കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എന്താണ് 'റോമിയോ-ജൂലിയറ്റ്' ചട്ടം?

വിദേശരാജ്യങ്ങളിൽ നിലവിലുള്ളതാണ് ഈ നിയമം. പ്രായപൂർത്തിയാകാത്ത കമിതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസം കുറവാണെങ്കിൽ (ഉദാഹരണത്തിന് 2 മുതൽ 4 വയസ്സ് വരെ), അവരുടെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കാതിരിക്കുകയോ, ശിക്ഷയിൽ ഇളവ് നൽകുകയോ ചെയ്യുന്നതാണ് ഇതിന്റെ രീതി.

കോടതിയുടെ നിരീക്ഷണങ്ങൾ:

  • ​കുട്ടികളെ സംരക്ഷിക്കാൻ കൊണ്ടുവന്ന പോക്സോ നിയമം പലപ്പോഴും കുടുംബങ്ങൾ തമ്മിലുള്ള പകപോക്കലിനും വ്യക്തിപരമായ തർക്കങ്ങൾക്കും ആയുധമാക്കുന്നു.
  • ​പെൺകുട്ടിയുടെ പ്രായം 18-ൽ താഴെയാണെന്ന് കാണിച്ച് ആണ്കുട്ടിക്കെതിരെ കള്ളക്കേസ് കൊടുക്കുന്ന പ്രവണത വർദ്ധിക്കുന്നു. ഇത് കൗമാരക്കാരുടെ ജീവിതം തകർക്കുന്നു.

പ്രായപരിശോധനയിൽ വ്യക്തത:

ഇതോടൊപ്പം, പോക്സോ കേസുകളിൽ ജാമ്യം പരിഗണിക്കുമ്പോൾ ഇരയുടെ പ്രായം നിർണയിക്കാൻ വൈദ്യപരിശോധന (Ossification Test) നിർബന്ധമാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജനന സർട്ടിഫിക്കറ്റോ, സ്കൂൾ സർട്ടിഫിക്കറ്റോ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

News Desk | Karumbil Live

Previous Post Next Post
WhatsApp