തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസകരമായ തീരുമാനവുമായി സർക്കാർ. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി ആറുമാസം കൂടി നീട്ടി നൽകി. ഈ കാലയളവിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും പെൻഷൻ തടയരുതെന്ന് ധനവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആർക്കൊക്കെയാണ് ബാധകം?
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, ഇതുവരെ ഒരു തവണ പോലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്. പ്രധാനമായും 2019 ഡിസംബർ 31-ന് മുൻപ് പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവരാണിവർ.
സാഹചര്യം ഇങ്ങനെ:
പെൻഷൻ വാങ്ങുന്നവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് നൽകാത്തവർ അത് സമർപ്പിക്കണമെന്ന് 2025 മെയ് മാസത്തിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സമയപരിധി 2025 ഡിസംബർ 31-ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 2.53 ലക്ഷം പേർ കൂടി സർട്ടിഫിക്കറ്റ് നൽകാനുണ്ട്. ഇവർക്ക് വേണ്ടിയാണ് സമയം നീട്ടിയത്.
എന്തു ചെയ്യണം?
സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 30-നകം അത് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
വാർത്ത: അബ്ദുൽ റഹീം പൂക്കത്ത് / കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്