മലപ്പുറം: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് വിപണിയിൽ കോഴിക്ക് പിന്നാലെ മീൻ വിലയും കുതിച്ചുയരുന്നു. മീൻ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണം. ഇതോടെ മലയാളിയുടെ ഉച്ചയൂണിൽ നിന്ന് മീൻ അപ്രത്യക്ഷമാകുന്ന സാഹചര്യമാണ്.
വിലവിവരം ഇങ്ങനെ:
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന മത്തിക്കും അയലയ്ക്കും തീവിലയാണ്.
മത്തി (ചെറുത്): കിലോ 100 രൂപയുണ്ടായിരുന്നത് ഹാർബറുകളിൽ 150-200 രൂപയായി. ചില്ലറ വിപണിയിൽ എത്തുമ്പോൾ ഇത് പിന്നെയും കൂടും.
നല്ല മത്തി: 200 രൂപയിൽ നിന്ന് 350-400 രൂപ വരെയായി.
അയല: 250 രൂപയുണ്ടായിരുന്നത് 300-350 രൂപയിലേക്ക് ഉയർന്നു.
നെയ്മീൻ, ആവോലി: കിലോയ്ക്ക് 1000 രൂപയ്ക്ക് അടുത്താണ് വില.
കേര, ചൂര, ചെമ്മീൻ എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.
പ്രതിസന്ധിക്ക് കാരണം:
മത്സ്യങ്ങൾ ആഴക്കടലിലേക്ക് നീങ്ങിയതിനാൽ വലയിൽ മീൻ കുടുങ്ങുന്നത് കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്ന വള്ളങ്ങൾക്ക് ഇന്ധനച്ചെലവും കൂലിയും പോലും മുതലാകാത്ത അവസ്ഥയാണ്. ഇതോടെ ബോട്ടുകൾ കരയ്ക്ക് കയറ്റി അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്