തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ദിവസക്കൂലിയിൽ സർക്കാർ വൻ വർദ്ധനവ് വരുത്തി. ഏഴ് വർഷത്തിന് ശേഷമാണ് വേതനം പരിഷ്കരിക്കുന്നത്. ജയിൽ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയമല്ലെന്നും, അവരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണിതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ വേതന നിരക്കുകൾ:
- വിദഗ്ധ തൊഴിലാളികൾ (Skilled): ₹620
- അർദ്ധ വിദഗ്ധ തൊഴിലാളികൾ (Semi-skilled): ₹560
- വിദഗ്ധരല്ലാത്ത തൊഴിലാളികൾ (Unskilled): ₹530
നേരത്തെ സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. തുറന്ന ജയിലുകളിലെ വിദഗ്ധ തൊഴിലാളികൾക്ക് 230 രൂപയായിരുന്നു ലഭിച്ചിരുന്നത്.
ഇൻസെന്റീവ്:
നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബർ ടാപ്പിങ്, കല്ല് വെട്ട് ജോലികളിൽ ഏർപ്പെടുന്നവർക്ക് വാർഷിക ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് ഇൻസെന്റീവ് നൽകാനും തീരുമാനമായിട്ടുണ്ട്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്